മുല്ലപ്പെരിയാർ അണക്കെട്ട് ഡീ കമ്മിഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് 23 ന് സെക്രട്ടറിയേറ്റ് ധർണ നടത്തുമെന്ന് മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതി ഭാരവാഹികള്‍

തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ട് ഡീ കമ്മിഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് 23 ന് സെക്രട്ടറിയേറ്റ് ധർണ നടത്തുമെന്ന് മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതി ഭാരവാഹികള്‍ അറിയിച്ചു.ചെയർമാൻ അഡ്വ. റോയി വാരികാട്ട് അധ്യക്ഷത വഹിക്കും.മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ശോഭാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. തുഷാർ വെള്ളാപ്പള്ളി, മുൻ എംഎല്‍എ പ്രഫ. എ.വി താമരാക്ഷൻ , തോമസ് മാർ അത്തനാസിയോസ് മെത്രാപോലീത്ത, ഡോ. മുഹമ്മദ് സഖാഫി തുടങ്ങിയവർ പങ്കെടുക്കും. ആറിലധികം വിദഗ്ധ സമിതികള്‍ ഡാമിന്‍റെ അപകടാവസ്ഥയും ഭൂകന്പ സാധ്യത മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.ഡാമില്‍ വിള്ളലുകളും കണ്ടെത്തിയിട്ടുണ്ട്. ഡാം സുരക്ഷിതമാണെന്ന് ഒരു വിദഗ്ധ സമിതിയുടെയും റിപ്പോർട്ടിലില്ല. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലെ കേസില്‍ കേരളത്തിന്‍റെ വാദം പരാജയപ്പെട്ടതിനു പിന്നില്‍ ഇക്കാര്യം വ്യക്തമായി ഉന്നയിക്കാത്തതിനാലാണ്.ഡാം ഡീ കമ്മീഷൻ ചെയ്യുക, 999 വർഷത്തെ പാട്ടക്കരാർ റദ്ദാക്കുക, ജലനിരപ്പ് കുറയ്ക്കുക, പ്രശ്നത്തില്‍ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടുക, മാധ്യമപ്രവർത്തകരെ ഡാം സന്ദർശിക്കാൻ അനുവദിക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്ന് ജനറല്‍ കണ്‍വീനർ പി.ടി ശ്രീകുമാർ അറിയിച്ചു.