dummy_ads1-01
dummy_ads1-01
previous arrow
next arrow
News

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ നിഷേധിക്കപ്പെട്ട് വയോധികന്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ നിഷേധിക്കപ്പെട്ട് വയോധികന്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ചികിത്സ കിട്ടാതെ മരിച്ച വേണു ആരോഗ്യ കേരളം വെന്റിലേറ്ററിലായതിന്റെ ഇരയാണെന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം. സിസ്റ്റം തകര്‍ത്ത ആരോഗ്യമന്ത്രിക്കും സര്‍ക്കാരിനും മരണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാകില്ലെന്നും ശബ്ദ സന്ദേശം മരണമൊഴിയായി പരിഗണിച്ച് കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞുകൊല്ലം സ്വദേശി വേണു മരിച്ചതല്ല, ഒന്‍പതര വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ തകര്‍ത്തു തരിപ്പണമാക്കിയ ആരോഗ്യവകുപ്പും കുത്തഴിഞ്ഞ സംവിധാനങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തിയതാണ്. സിസ്റ്റം തകര്‍ത്ത ആരോഗ്യമന്ത്രിക്കും സര്‍ക്കാരിനും വേണുവിന്റെ മരണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാകില്ല. മരണ ശേഷവും, തന്നെ മരണത്തിലേക്ക് തള്ളിവിടുന്നവരെ കുറിച്ച് വേണു കേരളത്തോട് സംസാരിക്കുകയാണ്. ഒരു നിവൃത്തിയും ഇല്ലാതെ സര്‍ക്കാര്‍ ആശുപത്രികളെ സമീപിക്കുന്ന കേരളത്തിലെ നിസഹായരായ ഓരോ സാധാരണക്കാരന്റെയും സങ്കടങ്ങളും ആത്മരോഷവുമാണ് വേണു സുഹൃത്തിന് അയച്ച ശബ്ദ സന്ദേശത്തിലുള്ളത്.’ വി ഡി സതീശന്‍ പറഞ്ഞു.’അടിയന്തര ആന്‍ജിയോഗ്രാമിന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വേണുവിന് ആറു ദിവസമായിട്ടും ചികിത്സ നല്‍കിയില്ല. നായയെ നോക്കുന്ന കണ്ണ് കൊണ്ടുപോലും രോഗികളെ തിരിഞ്ഞു നോക്കുന്നില്ലെന്നു വേണു തന്നെ ശബ്ദ സന്ദേശത്തില്‍ പറഞ്ഞിട്ടുണ്ട്. ആരോഗ്യമന്ത്രി പറഞ്ഞതു പോലെ ഇതും സിസ്റ്റത്തിന്റെ തകരാറാണ്. എന്നാല്‍ തകരാര്‍ പരിഹരിക്കാനുള്ള ഒരു ശ്രമവും മന്ത്രിയുടെയോ സര്‍ക്കാരിന്റെയോ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. ആരോഗ്യ വകുപ്പിന്റെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ ഇതേ മെഡിക്കല്‍ കോളജിലെ വകുപ്പ് തലവന്‍ ഡോ. ഹാരിസിനെ ഭീഷണിപ്പെടുത്താനും നിശബ്ദനാക്കാനും ശ്രമിച്ചതും ഇതേ മന്ത്രിയാണ്. നിങ്ങളുടെ കെടുകാര്യസ്ഥതയുടെയും കഴിവില്ലായ്മയുടെയും ഇരകളായി മാറുന്നത് സാധാരണക്കാരാണെന്നത് മന്ത്രിയും സര്‍ക്കാരും മറക്കരുത്.’ വി ഡി സതീശൻ സർക്കാരിനെതിരെ ആഞ്ഞടിച്ചു.സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സാപിഴവും അനാസ്ഥയും തുടര്‍ച്ചയായി ഉണ്ടാകുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട ആരോഗ്യമന്ത്രിക്ക് എങ്ങനെയാണ് ഒരു ജാള്യതയുമില്ലാതെ ആ കസേരയില്‍ ഇരിക്കാന്‍ സാധിക്കുന്നത്? രാജിവച്ച് ഉത്തരവാദിത്തബോധമുള്ള ആരെയെങ്കിലും മന്ത്രി സ്ഥാനം ഏല്‍പ്പിക്കുന്നതാണ് സാധാരണക്കാരുടെ ആരോഗ്യത്തിനും ജീവനും നല്ലത്. വേണുവിന്റെ ശബ്ദ സന്ദേശം മരണമൊഴിയായി പരിഗണിച്ച് ഉത്തരവാദികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം.’ വി ഡി സതീശൻ കൂട്ടിച്ചേർത്തു.അതേസമയം വേണുവിനെ ചികിത്സിക്കുന്നതില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് വീഴ്ചയില്ലെന്നായിരുന്നു സൂപ്രണ്ട് ഡോ. സി ജി ജയചന്ദ്രന്‍ പറഞ്ഞത്. വേണുവിന് ആന്‍ജിയോഗ്രാം ചെയ്യാനുള്ള സമയം കഴിഞ്ഞിരുന്നുവെന്നും ക്രിയാറ്റിനിലും ചില പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും സൂപ്രണ്ട് പറഞ്ഞു. ഇന്നലെ ശ്വാസകോശത്തില്‍ നീര്‍ക്കെട്ട് ഉണ്ടായിരുന്നു. പിന്നാലെ വെൻ്റിലേറ്ററിലേക്ക് മാറ്റി. പരമാവധി ചികിത്സ നല്‍കിയെന്നും സൂപ്രണ്ട് പറഞ്ഞു.കൊല്ലം പന്മന സ്വദേശിയാണ് വേണു. 48 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇന്നലെ രാത്രി 8.15 ഓടെയായിരുന്നു വേണുവിന്റെ മരണം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ദുരനുഭവം ചൂണ്ടിക്കാട്ടി വേണു സുഹൃത്തിന് അയച്ച ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു. അടിയന്തരമായി ആന്‍ജിയോഗ്രാം ചെയ്യണമെന്ന ജില്ലാ ആശുപത്രിയില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്ന് നവംബര്‍ ഒന്നിനായിരുന്നു വേണു മെഡിക്കല്‍ കോളേജില്‍ എത്തിയത്. എന്നാല്‍ ആരും തിരിഞ്ഞുനോക്കിയില്ലെന്ന് വേണു ശബ്ദസന്ദേശത്തില്‍ പറഞ്ഞിരുന്നു.ആശുപത്രിയില്‍ എന്തെങ്കിലും കാര്യത്തെപ്പറ്റി ആരോടെങ്കിലും ചോദിച്ചാല്‍ ഒരക്ഷരം മിണ്ടില്ലെന്ന് വേണു ശബ്ദസന്ദേശത്തില്‍ ആരോപിച്ചിരുന്നു. നായയെ നോക്കുന്ന കണ്ണുകൊണ്ട് പോലും അവര്‍ തിരിഞ്ഞുനോക്കില്ല. മറുപടി പറയില്ല. കൈക്കൂലിയുടെ കേന്ദ്രമാണിത്. എമര്‍ജന്‍സി ആന്‍ജിയോഗ്രാം ചെയ്യാന്‍ വെള്ളിയാഴ്ച താന്‍ ഇവിടെ എത്തിയതാണ്. അഞ്ച് ദിവസമായിട്ടും തിരിഞ്ഞുനോക്കിയില്ല. റൗണ്ട്‌സിനിടെ പരിശോധിക്കാന്‍ വന്ന ഡോക്ടറോട് എപ്പോള്‍ ശസ്ത്രക്രിയ നടത്തുമെന്ന് ചോദിച്ചിരുന്നു. അവര്‍ക്ക് ഇതേപ്പറ്റി യാതൊരു ധാരണയുമില്ല. കൈക്കൂലിക്ക് വേണ്ടിയാണോ ഇങ്ങനെ ചെയ്യുന്നതെന്ന് അറിയില്ല. സാധാരണക്കാരുടെ ആശ്രയമാകേണ്ടതാണ് മെഡിക്കല്‍ കോളേജുകള്‍. എന്നാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് രോഗികളുടെ ശാപംപേറുന്ന പറുദീസയാണ്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പുറംലോകത്തെ അറിയിക്കണമെന്നും വേണു സുഹൃത്തിനോട് വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button