താത്ക്കാലിക വിസി നിയമനം; ഗവര്‍ണര്‍ക്കെതിരെ കേരളം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: താത്ക്കാലിക വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കെതിരെ കേരളം സുപ്രീംകോടതിയില്‍. ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി സിസാ തോമസിനേയും കെടിയു സര്‍വകലാശാല വൈസ് ചാന്‍സലറായി കെ ശിവപ്രസാദിനേയും നിയമിച്ചത് ചട്ടവിരുദ്ധമാണെന്നാണ് കേരളം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. നിയമനം സംബന്ധിച്ച ഗവര്‍ണറുടെ ഉത്തരവ് റദ്ദാക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം സര്‍ക്കാരിനെ മറികടന്ന് ഡിജിറ്റല്‍, കെടിയു സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ താല്‍ക്കാലിക വിസി നിയമനം നടത്തിയിരുന്നു. ആറ് മാസത്തേയ്ക്കാണ് നിയമനം. ഇത് സംബന്ധിച്ച് ഗവര്‍ണര്‍ വിജ്ഞാപനം പുറത്തിറക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. വി സി നിയമനം സര്‍ക്കാര്‍ പാനലില്‍ നിന്ന് വേണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായായിരുന്നു ഗവര്‍ണര്‍ വി സി നിയമനവുമായി മുന്നോട്ടുപോയത്. സുപ്രീകോടതി നിര്‍ദേശം മറികടന്നുള്ള ഗവര്‍ണറുടെ നടപടി റദ്ദാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വി സി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടിരുന്നു. വിസി നിയമനം സര്‍ക്കാര്‍ പാനലില്‍ നിന്ന് വേണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെ ഗവര്‍ണര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാരെ ഉടന്‍ നിയമിക്കണമെന്നായിരുന്നു സുപ്രീംകോടതി വ്യക്തമാക്കിയത്. അതുവരെ താത്ക്കാലിക വിസിമാര്‍ക്ക് തുടരാമെന്നും വിസി നിയമനത്തിനായി ഗവര്‍ണര്‍ക്ക് വിജ്ഞാപനം ഇറക്കാം എന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. വിസി നിയമത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും തര്‍ക്കങ്ങളില്‍ അനുഭവിക്കുന്നത് വിദ്യാര്‍ത്ഥികളാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ താത്ക്കാലിക വിസി നിയമനവുമായി ഗവര്‍ണര്‍ മുന്നോട്ടുപോകുകയായിരുന്നു. ഇക്കഴിഞ്ഞ ഒന്നാം തീയതി ഡിജിറ്റല്‍ സര്‍വകലാശാല വിസിയായി സിസി തോമസിനേയും കെടിയു സര്‍വകലാശാല വിസിയായി കെ ശിവപ്രസാദിനേയും നിയമിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കുകയായിരുന്നു