വിമാനം തകര്‍ന്നുവീണ സംഭവം; ഔദ്യോഗിക പ്രതികരണവുമായി എയര്‍ ഇന്ത്യ ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍

ന്യൂഡല്‍ഹി: ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ സംഭവം ഔദ്യോഗിക വിശദീകരണവുമായി എയര്‍ ഇന്ത്യ ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കുളള എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ടെന്ന് അഗാധമായ ദുഖത്തോടെ സ്ഥിരീകരിക്കുകയാണെന്നും ദാരുണമായ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ദുരന്തത്തില്‍പ്പെട്ട ആളുകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ട പിന്തുണ നല്‍കുന്നതിലാണ് ഇപ്പോള്‍ തങ്ങളുടെ ശ്രദ്ധയെന്നും കൂടുതല്‍ വിവരങ്ങള്‍ സ്ഥിരീകരിക്കുന്ന മുറയ്ക്ക് പങ്കുവയ്ക്കുമെന്നും ചന്ദ്രശേഖരന്‍ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്നവരുടെ കുടുംബങ്ങള്‍ക്ക് ബന്ധപ്പെടാനായി ഒരു അടിയന്തര സഹായ കേന്ദ്രം തുറന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തുഅഹമ്മദാബാദിലെ മേഘാനിനഗറിന് സമീപമാണ് പറന്നുയർന്ന് അൽപ്പസമയത്തിനകം വിമാനം തകർന്നുവീണത്. ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീം ലൈനര്‍ വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരും ഉണ്ടായിരുന്നതായാണ് വിവരം. 169 ഇന്ത്യൻ യാത്രികർക്ക് പുറമെ 52 ബ്രിട്ടീഷ് പൗരന്മാരും 7 പോർച്ചുഗീസ് പൗരന്മാരും 1 കനേഡിയൻ പൗരനും വിമാനത്തിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. യന്ത്രത്തകരാറാണ് അപകട കാരണമെന്നാണ് നിഗമനം. ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു. അട്ടിമറി സാധ്യതയും പരിശോധിക്കും. അപകടത്തെത്തുടർന്ന് അഹമ്മദാബാദില്‍ നിന്നുളള അഞ്ച് എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി. അഹമ്മദാബാദ്-ഡല്‍ഹി വിമാനങ്ങളാണ് റദ്ദാക്കിയത്. 82,000 മണിക്കൂർ വിമാനം പറത്തി പരിചയമുള്ള പൈലറ്റാണ് അപകടത്തിൽപ്പെട്ട വിമാനം നിയന്ത്രിച്ചിരുന്നത്.തകർന്നുവീഴുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് വിമാനത്തിന്റെ പൈലറ്റ് എയർ ട്രാഫിക് കൺട്രോളിലേക്ക് മെയ്ഡേ കോൾ ( വളരെ അടിയന്തര സാഹചര്യത്തിൽ വിമാനം അപകടത്തിലാണെന്ന് അറിയിക്കുന്ന സന്ദേശം) ചെയ്തതായും റിപ്പോർട്ടുണ്ട്. പ്രതികൂല കാലാവസ്ഥ മൂലമുള്ള അടിയന്തര സാഹചര്യം, യന്ത്രത്തകരാർ, തെറ്റായി പ്രവർത്തിക്കുന്ന ഘടനാപരമായ സംവിധാനം, മെഡിക്കൽ എമർജൻസി തുടങ്ങിയ ഘട്ടങ്ങളിലാണ് പൈലറ്റ് മെയ്ഡേ കോൾ ചെയ്യുക. അതേസമയം, സിവിൽ ഏവിയേഷൻ മന്ത്രാലയം ഓപ്പറേഷണൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ബന്ധപ്പെടാവുന്ന നമ്പർ 011-24610843 | 9650391859