രാജ്യത്തിന്റെ സാമ്രാജ്യത്വ വിരുദ്ധമുഖം നഷ്ടപ്പെട്ടു, നയം മാറ്റം തുടങ്ങിയത് കോണ്‍ഗ്രസ്, ബിജെപി പിന്തുടർന്നു’

കോഴിക്കോട്: രാജ്യത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ മുഖം നഷ്ടപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അമേരിക്കന്‍ സമ്മര്‍ദ്ദം മൂലം ഇസ്രയേലിനെ എതിര്‍ക്കാന്‍ കഴിയുന്നില്ല. ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളെ പരസ്യമായി ന്യായീകരിക്കുന്നയാളായി പ്രധാനമന്ത്രി മാറി. ഇറാന്റെ ആക്രമണം പോലും അപലപിച്ചില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.കോണ്‍ഗ്രസാണ് നയം മാറ്റത്തിന് തുടക്കമിട്ടത്. പിന്നീട് ബിജെപി അത് തുടര്‍ന്നു. സാമ്രാജ്യത്വ വിരുദ്ധനയം കളഞ്ഞുകുളിച്ചു. നെഹ്‌റുവിന് ശേഷം കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ മാറ്റം വന്നപ്പോള്‍ കോണ്‍ഗ്രസിന്റെ സാമ്രാജ്യത്വ വിരുദ്ധ നിലപാടും കൈമോശം വന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.വിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരിക്കാനുള്ള ശ്രമവും നടക്കുന്നതായി മുഖ്യമന്ത്രി ചൂണ്ടികാട്ടി. പാഠഭാഗങ്ങള്‍ തിരുത്തുന്നു. ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കേരളം ഉള്‍പ്പെടുത്തി. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പക പോക്കുകയാണ്. പരസ്യമായി ഭരണഘടനയ്ക്ക് എതിരെ വരുന്നു. മതനിരപേക്ഷതയെ തള്ളിപ്പറയുന്നു. ഭരണഘടന ആപ്തവാക്യങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെടുന്നു. ആര്‍എസ്എസ് കാഴ്ചപ്പാട് ഭാരതത്തിന്റെ പൈതൃകത്തില്‍ ഉള്ളതല്ല. ആര്‍എസ്എസ് ആശയം ഭാരതത്തിന്റേതല്ല. ആ ആശയം ഹിറ്റ്ലറുടേതാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.



