രാഹുലിനെ കൈവിട്ട് രമേശ് ചെന്നിത്തലയും വി ഡി സതീശനും; രാജിവെക്കണമെന്ന് ആവശ്യം, നേതാക്കളെ നിലപാടറിയിച്ചു

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കൈവിട്ട് പ്രതിപക്ഷനേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും. രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന നിലപാടിലാണ് ഇരുവരും. രാഹുലിനോട് രാജി ആവശ്യപ്പെടാൻ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനോട് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇന്നലെ പുറത്തുവന്ന രാഹുലിന്റെ ശബ്ദരേഖ ഗുരുതരമെന്ന് ചെന്നിത്തല പറഞ്ഞു. ഇനിയും രാഹുലിനെ സംരക്ഷിച്ചാൽ തിരിച്ചടിയാകുമെന്നാണ് മുന്നറിയിപ്പ്.രാഹുലിനെതിരായ നടപടി സംബന്ധിച്ച് കോൺഗ്രസിൽ തിരക്കിട്ട കൂടിയാലോചനകളാണ് നടക്കുന്നത്. കെപിസിസി അധ്യക്ഷൻ മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തുകയാണ്. വിട്ടുവീഴ്ചയില്ലാതെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് വി ഡി സതീശനും രമേശ് ചെന്നിത്തലയും. ഇതോടെ രാഹുലിന്റെ രാജി ഉടനുണ്ടായെക്കുമെന്നാണ് പുറത്തുവരുന്ന വിവരം. രാഹുലിന്റെ രാജിയിൽ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നിലപാടാണ് ഇനി നിർണായകം.ആരോപണങ്ങൾ രൂക്ഷമായതോടെ രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം പാർട്ടിയിൽ നിന്ന് ഉയർന്നിരുന്നു. എന്നാൽ രാജിവെക്കില്ലെന്നും മാധ്യമങ്ങളെ നേരിൽ കണ്ട് നിലപാട് വ്യക്തമാക്കുമെന്നുമാണ് രാഹുലുമായി ബന്ധപ്പെട്ടവർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്.



