മാസപ്പടി കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി. എം. ശ്യാംകുമാർ പിന്മാറി. കാരണം വ്യക്തമാക്കിയിട്ടില്ല. ഇന്ന് ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു ജഡ്ജി പിന്മാറുന്നത്. സിബിഐ അന്വേഷണ ഹർജി ഡിവിഷൻ ബെഞ്ചാണ് ഇപ്പോൾ പരിഗണിക്കുന്നത്. വീണ വിജയൻ അടക്കമുള്ളവർക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്അതേസമയം, മാസപ്പടിക്കേസിലെ പ്രോസിക്യൂഷൻ നടപടികൾ സ്റ്റേ ചെയ്യണമെന്ന് സി.എം.ആർ.എൽ കമ്പനി സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ഡൽഹി ഹൈക്കോടതി 2026 ജനുവരി 13ലേക്ക് മാറ്റി. എസ്.എഫ്.ഐ.ഒയുടെയും കേന്ദ്രസർക്കാരിന്റെയും അഭിഭാഷകർ ഹാജരാകാത്തതിനെ തുടർന്നാണ് ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ വാദം കേൾക്കൽ മാറ്റിയത്.സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണത്തെ കേന്ദ്രം സീരിയസായല്ല കാണുന്നതെന്ന് സി.എം.ആർ.എല്ലിന് വേണ്ടി ഹാജരായ അഡ്വ. കപിൽ സിബൽ പരിഹസിച്ചു. കമ്പനി രജിസ്ട്രാറുടെ അന്വേഷണറിപ്പോർട്ട് കൈമാറണമെന്ന കരിമണൽ കമ്പനിയുടെ ആവശ്യത്തിൽ കേന്ദത്തിന് നോട്ടീസ് അയയ്ക്കാനും ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു.



