റെയിൻകോട്ട് ധരിച്ചെത്തി മോഷണം; ഒറ്റപ്പാലത്ത് വയോധികയുടെ ഒന്നര പവൻ്റെ മാല മോഷ്ടാവ് കവർന്നു

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് വീണ്ടും മാല മോഷണം. ഒറ്റപ്പാലം പാലപ്പുറം അഴിക്കലപ്പറമ്പിൽ രാധയുടെ ഒന്നര പവൻ്റെ മാലയാണ് മോഷ്ടാവ് കവർന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന വയോധികയുടെ മാല റെയിൻകോട്ട് ധരിച്ചെത്തി മോഷ്ടാവ് പിടിച്ചുപറിക്കുകയായിരുന്നു. വയോധികയുടെ നിലവിളി കേട്ട് ആളുകൾ ഓടിക്കൂടി എങ്കിലും മോഷ്ടാവിനെ പിടികൂടാനായില്ല. ഒറ്റപ്പാലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.അതേസമയം ഒറ്റപ്പാലത്ത് പഴയ ലക്കിടിയിൽ അങ്കണവാടി ടീച്ചറുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മാല മോഷ്ടിക്കാൻ ശ്രമം നടന്നു. സമീപത്ത് വാടകയ്ക്ക് താമസിക്കുന്നയാളാണെന്നും കുട്ടിയെ ചേർക്കുന്നതിനായി വിവരം അന്വേഷിക്കാൻ വന്നതാണെന്നും പറഞ്ഞാണ് ഇയാൾ അങ്കണവാടിയിലെത്തിയത്. ടീച്ചറും കുട്ടികളും ഉറക്കെ നിലവിളിച്ചതോടെ അയൽവാസികൾ ഓടിയെത്തി. അപ്പോഴേക്കും മോഷ്ടാവ് മാല ഉപേക്ഷിച്ച് കടന്നു കളഞ്ഞിരുന്നു. സംഭവത്തിൽ ടീച്ചറുടെ മൊഴി രേഖപ്പെടുത്തി. അതേ സമയം ഇയാളെ പ്രദേശത്ത് മുൻപ് കണ്ടിട്ടില്ലെന്ന് ടീച്ചറും പ്രദേശവാസികളും പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങിയതായി പൊലീസ് വ്യക്തമാക്കി.