dummy_ads1-01
dummy_ads1-01
previous arrow
next arrow
News

റേഷൻ അരി വാങ്ങാൻ വിരൽ പതിപ്പിക്കണം; മദ്യം പടിക്കലും എത്തും’: മദ്യ നയത്തിനെതിരെ ഓർത്തഡോക്സ് സഭ

കോട്ടയം: മദ്യനയത്തിനെതിരെ വിമർശനവുമായി ഓര്‍ത്തഡോക്‌സ് സഭ. മദ്യനയം എന്നത് ജലരേഖയായി മാറിയെന്ന് ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ പറഞ്ഞു. റേഷന്‍ അരി വാങ്ങാന്‍ വിരല്‍ പതിപ്പിക്കണമെന്നും എന്നാല്‍ മദ്യം പടിക്കല്‍ എത്തിച്ചു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ശരിയായ നിലപാട് അല്ലെന്നും മാര്‍ത്തോമ മാത്യൂസ് ഫേസ്ബുക്കില്‍ കുറിച്ചു.കേരളത്തെ മദ്യവിമുക്തമാക്കാന്‍ പ്രതിജ്ഞാബദ്ധരാണ് എല്‍ഡിഎഫ് സര്‍ക്കാര്‍, എല്‍ഡിഎഫ് വന്നാല്‍ മദ്യവര്‍ജ്ജനത്തിനായി ജനകീയ പ്രസ്ഥാനം ആരംഭിക്കും, ഞങ്ങള്‍ തുറക്കുന്നത് നിങ്ങള്‍ പൂട്ടിയ ബാറുകളല്ല, സ്‌കൂളുകളാണ്’. പരസ്യവാചകങ്ങള്‍ക്ക് കേവലം വിപണി താല്‍പ്പര്യങ്ങള്‍ മാത്രമേയുള്ളൂ എന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് മുകളില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്ന നയവാചകങ്ങള്‍. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ സംസ്ഥാനത്ത് കേവലം 29 ബാറുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് അവയുടെ എണ്ണം ആയിരത്തോട് അടുക്കുന്നു’, മാര്‍ത്തോമ മാത്യൂസ് പറഞ്ഞു.ജോലി കഴിഞ്ഞ് മദ്യപിച്ചെത്തുന്ന ഗൃഹനാഥനെ പേടിച്ച് കഴിഞ്ഞിരുന്ന വീടുകളില്‍ ഇനി മുതല്‍ മദ്യപര്‍ക്ക് രാവിലെ മുതല്‍ കുടിച്ച് കുടുംബം തകര്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യത്തിന് ഹാനികരമായ ഒരു വസ്തുവിനെ ഇത്രയും ലളിതവല്‍ക്കരിച്ച് വീടുകളിലേക്ക് ആനയിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത് ഒട്ടും ഭൂഷണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ മദ്യനയം വികലമാണെന്ന് പ്രധാനഘടക കക്ഷിയായ സിപിഐ തന്നെ കുറ്റപ്പെടുത്തിക്കഴിഞ്ഞന്നും ഈ നയം കുടുംബാന്തരീക്ഷത്തെ അപകടത്തിലാക്കുമെന്നും മാര്‍ത്തോമ മാത്യൂസ് കുറിച്ചു. വീട്ടകങ്ങളില്‍ ഭയന്നുകഴിയേണ്ടിവരുന്ന കുഞ്ഞുങ്ങളെയും വീട്ടമ്മമാരെയും ഓര്‍ത്ത് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളുടെ സഹകരണത്തോടെ ആപ്പ് മുഖേന മദ്യം വീട്ടിലെത്തിക്കുന്ന പദ്ധതി ബെവ്കോ മുന്നോട്ടുവെച്ചിരുന്നു. പിന്നാലെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഓണ്‍ലൈന്‍ വിതരണത്തിലൂടെ മദ്യലഭ്യത വര്‍ദ്ധിപ്പിച്ച് ക്രമസമാധാന ചര്‍ച്ചക്ക് വേഗം കൂട്ടുന്ന സര്‍ക്കാറിന്റെ തെറ്റായ നിലപാടില്‍ നിന്ന് പിന്മാറണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചിരുന്നു. അതേസമയം ഓണ്‍ലൈന്‍ മദ്യ വില്‍പന ഉദ്ദേശിക്കുന്നില്ലെന്നാണ് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button