ലാലേട്ടന്റെ കുറവ് ഉണ്ടായിരുന്നുവെന്ന് കമന്റ്, ആ കുറവ് ഇന്ന് തീർക്കാമെന്ന് മന്ത്രിയുടെ മറുപടി

തിരുവനന്തപുരം നഗരത്തിലെ കെഎസ്ആര്‍ടിസി യാത്രകളുടെ ഓര്‍മ്മകള്‍ പങ്കുവച്ച് സംവിധായകന്‍ പ്രിയദര്‍ശനും നടനും നിര്‍മ്മാതാവുമായ മണിയന്‍ പിള്ള രാജുവും നന്ദുവും ഹരി പത്തനാപുരവും ഇന്നലെ ഗതാഗത മന്ത്രിക്കൊപ്പം ബസിൽ യാത്ര ചെയ്തിരുന്നു. ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ച മന്ത്രിയുടെ പോസ്റ്റിന് താഴെ ലാലേട്ടന്റെ ഒരു കുറവ് കൂടി ഉണ്ടായിരുന്നുവെന്ന് കമന്റിന് മറുപടി നൽകിയിരിക്കുകയാണ് കെ ബി ഗണേഷ് കുമാർ.ആ കുറവ് ഇന്നെങ്ങ് തീർക്കാം….ആ കുറവ് തീർക്കാൻ ലാലേട്ടനും എത്തുന്നു. KSRTCയുടെ ഏറ്റവും പുതിയ ബസുകളുടെ ഫ്ലാഗ് ഓഫ് ബഹു. മുഖ്യമന്ത്രി നിർവഹിക്കുന്നതിനോടനുബന്ധിച്ച് മെഗാസ്റ്റാർ ലെഫ്. കേണൽ മോഹൻലാൽ KSRTCയുടെ ഏറ്റവും പുതിയ ബസിൽ യാത്ര ചെയ്യുന്നു’, കെ ബി ഗണേഷ് കുമാർ ഫേസ്ബുക്കിൽ കുറിച്ചു.ഇന്നലെ കവടിയാര്‍ സ്‌ക്വയറില്‍ നിന്ന് പുറപ്പെട്ട ‘ഓര്‍മ്മ എക്സ്പ്രസ്’ രാജ്ഭവന്‍, അയ്യങ്കാളി പ്രതിമ, മാനവീയം വീഥി വഴി യാത്ര ചെയ്ത് നിയമസഭയ്ക്കു മുന്നില്‍ അവസാനിച്ചു. കെഎസ്ആര്‍ടിസിയുടെ ഭാവി ഭദ്രമാക്കുന്ന റീബ്രാന്‍ഡിങ്ങിന്റെ ഭാഗമായാണ് ‘ഓര്‍മ്മ എക്സ്പ്രസ്’ യാത്ര സംഘടിപ്പിച്ചത്. കനകക്കുന്നില്‍ വെള്ളി മുതല്‍ ഞായര്‍ വരെ നടക്കുന്ന കെഎസ്ആര്‍ടിസി ഓട്ടോ എക്‌സ്‌പോയ്ക്കു വിളംബരം കൂടിയായിരുന്നു യാത്ര.