ലോക നൈപുണ്യ വികസന മാപ്പിൽ ഇടം പിടിക്കാൻ സ്കിൽ കേരള ഗ്ലോബൽ സമ്മിറ്റ് 2025, 29ന് കൊച്ചിയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: നൈപുണ്യ വികസനത്തിലൂടെ കേരളത്തെ മാനവവിഭവശേഷിയുടെ ആഗോള ഹബ്ബായി ഉയർത്താൻ ലക്ഷ്യമിട്ട് കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (K-DISC) സംഘടിപ്പിക്കുന്ന സ്കിൽ കേരള ഗ്ലോബൽ സമ്മിറ്റ് 2025ന് കൊച്ചി വേദിയാകും. ഓഗസ്റ്റ് 29, 30 തീയതികളിലായി നടക്കുന്ന ഉച്ചകോടിയിൽ വിദ്യാഭ്യാസം, തൊഴിൽ, ഭാവിയിലെ നൈപുണ്യ വികസനം എന്നീ വിഷയങ്ങളിൽ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന സുപ്രധാന ചർച്ചകൾക്ക് വഴി തുറക്കും. ഓഗസ്റ്റ് 29ന് മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ സ്കിൽ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും.സാക്ഷരത, ആരോഗ്യം, മനുഷ്യവികസനം തുടങ്ങിയ മേഖലകളിലെ നേട്ടങ്ങൾ കൊണ്ട് കേരളം ലോകത്തിനു തന്നെ മാതൃകയാണ്. ഈ നേട്ടങ്ങളുടെ തുടർച്ചയായി, സംസ്ഥാനത്തെ യുവജനങ്ങൾക്ക് മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, യുവജനങ്ങളെ അതിന് പ്രാപ്തരാക്കുക എന്നതാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. ഉച്ചകോടിയുടെ ഭാഗമായി, പ്രശസ്ത കരിയർ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇൻ, കേരള ടാലന്റ് റിപ്പോർട്ട് 2025 പുറത്തിറക്കും. കേരളത്തിലെ യുവജനങ്ങളുടെ ശേഷി, തൊഴിൽപരമായ പുതിയ പ്രവണതകൾ, ആഗോള തൊഴിൽ വിപണിയിലെ സാധ്യതകൾ എന്നിവയെക്കുറിച്ചുള്ള സമഗ്രമായ പഠനമാണ് ഈ റിപ്പോർട്ട്എസ്.ഡി. ഷിബുലാൽ (ഇൻഫോസിസ് മുൻ സിഇഒ), സന്തോഷ് മാത്യു (ഗേറ്റ്സ് ഫൗണ്ടേഷൻ), റൈമണ്ട് ക്ലെയ്ൻ (INCIT സ്ഥാപക സിഇഒ), ടോം ബ്യൂവിക് (യുകെ), മേഗൻ ലിലി (ജോബ്സ് ആൻഡ് സ്കിൽസ് ഓസ്ട്രേലിയ) എന്നിവരുൾപ്പെടെ നിരവധി ദേശീയ-അന്തർദേശീയ വിദഗ്ധർ ഉച്ചകോടിയിൽ പങ്കെടുക്കും. സംസ്ഥാനത്തെ യുവജനങ്ങൾക്ക് ഗുണമേന്മയുള്ള തൊഴിലവസരങ്ങൾ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കെ ഡിസ്ക് നടത്തുന്ന വിജ്ഞാനകേരളം പദ്ധതിയുടെ ഉപദേഷ്ടാവ് ഡോ. ടി.എം. തോമസ് ഐസക്ക് വ്യക്തമാക്കി. ഉന്നത നിലവാരത്തിലുള്ള തൊഴിൽ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ പ്രമുഖ കമ്പനികളുമായി ധാരണാപത്രങ്ങൾ സമ്മിറ്റിന്റെ ഭാഗമായി ഒപ്പിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു