‘വഖഫ് ബിൽ പുരോഗമനപരമായ തീരുമാനം, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ചരിത്രപരം’; രാഷ്‌ട്രപതി

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ നേട്ടങ്ങളെണ്ണിപ്പറഞ്ഞും പദ്ധതികൾ എടുത്തുപറഞ്ഞും ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. വിവാദമായ വഖഫ് ബില്ലും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വരെ പരാമർശിച്ചുകൊണ്ടായിരുന്നു പ്രസംഗം.വഖഫ് ബിൽ പുതിയ മുന്നേറ്റമെന്നും സർക്കാരിന്റെ പുരോഗമനപരമായ തീരുമാനമെന്നുമായിരുന്നു രാഷ്ട്രപതി പറഞ്ഞത്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ചരിത്രപരമായ തീരുമാനം ഈ സർക്കാർ എടുത്തു. ആ തീരുമാനവുമായി സർക്കാർ മുന്നോട്ടുപോവുകയാണ് എന്നും രാഷ്‌ട്രപതി പറഞ്ഞു. തുടർന്ന് സർക്കാർ പ്രഖ്യാപിച്ച പദ്ധതികളെയും, നേട്ടങ്ങളെയും രാഷ്‌ട്രപതി എടുത്തുപറഞ്ഞു. രാജ്യത്തെ എല്ലാ മുതിർന്ന പൗരന്മാർക്കും ഈ സർക്കാർ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തി. പി എം കിസാൻ, ആയുഷ്മാൻ പദ്ധതികളിലൂടെ ഒരുപാട് പേർക്ക് സഹായം എത്തി. അതി വേഗത്തിലാണ് ഈ സർക്കാരിന്റെ പ്രവർത്തനം. ഇന്ത്യ ലോകത്തെ മൂന്നാം ശക്തിയായി അതിവേഗം വളരുകയാണ് എന്നും രാഷ്‌ട്രപതി പറഞ്ഞു. സ്ത്രീ ശക്തിയും സ്ത്രീകളുടെ ഉന്നമനവുമാണ് ഈ സർക്കാർ ലക്ഷ്യം വെക്കുന്നതെന്നും രാഷ്‌ട്രപതി പറഞ്ഞു.
ശ്രീഹരിക്കോട്ടയിൽ നിന്ന് നൂറാം വിക്ഷേപണം നടത്തിയ ഐഎസ്ആർഒയെയും രാജ്യത്തെ കായിക താരങ്ങളെയും നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി അഭിനന്ദിച്ചു. രാജ്യം ഡിജിറ്റൽ രംഗത്ത് വലിയ പുരോഗതിയുണ്ടാക്കിയെന്നും ഡിജിറ്റൽ ഇടപാടുകളിൽ ഇന്ത്യ മുന്നിലാണെന്നും രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. തുടർന്ന് ദളിതരുടെയും ആദിവാസികളുടെയും ഉന്നമനം സർക്കാരിന്റെ ലക്ഷ്യമാണെന്നും പറഞ്ഞു.



