കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പെന്ഷന് കുടിശ്ശിക; നല്‍കാനുള്ളത് 16 മാസത്തെ പെന്ഷന്; ബോര്‍ഡിനുള്ളത് 1000 കോടിയുടെ ബാധ്യത

പതിനാറ് മാസത്തെ പെന്ഷന് കുടിശികയാക്കി കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്. 1000 കോടി രൂപയുടെ ബാധ്യതയാണ് ക്ഷേമനിധി ബോര്‍ഡിന് ഇപ്പോള്‍ ഉള്ളത്. വിവിധ ആനുകൂല്യങ്ങളും മുടങ്ങിയതോടെ ഈ ഓണക്കാലവും നിര്‍മാണ തൊഴിലാളി പെന്‍ഷന്‍കാര്‍ക്ക് പ്രതിസന്ധിയുടേതാകുംകെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് പിരിഞ്ഞ 3,80,000 ആളുകളാണുള്ളത്. ഒരാള്‍ക്ക് 1600 രൂപ നിരക്കില്‍ പെന്ഷന് വിതരണം ചെയ്യാന്‍ ഒരു മാസം 60 കോടി 80 ലക്ഷം രൂപ വേണം. ഒരാള്‍ക്ക് മാത്രം 25,600 രൂപയാണ് ഇപ്പോള്‍ കുടിശിക. ക്ഷേമനിധി പെന്‍ഷനും ആനുകൂല്യങ്ങളും മുടക്കമില്ലാതെ നല്കാന് മാര്‍ച്ചില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചെങ്കിലും നടപ്പായില്ല.മരണാനന്തര, ചികിത്സ, വിവാഹ ആനുകൂല്യങ്ങളും മുടങ്ങിയിട്ടുണ്ട്. ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്ന് 100 കോടി രൂപയും മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് 150 കോടി രൂപയും വായ്പ എടുത്താണ് മാസങ്ങള്‍ക്ക് മുന്‍പ് കുറച്ചു ആനുകൂല്യങ്ങള്‍ വിതരണം ചെയ്തത്. 2015ല്‍ 897 കോടി രൂപ ബോര്‍ഡില്‍ നീക്കിയിരിപ്പ് ഉണ്ടായിരുന്നു..



