dummy_ads1-01
dummy_ads1-01
previous arrow
next arrow
News

വിജയ് കരൂരിലേക്കില്ല; മരിച്ചവരുടെ കുടുംബങ്ങളെ ചെന്നൈയില്‍ എത്തിക്കും

ചെന്നൈ: ടിവികെ അധ്യക്ഷന്‍ വിജയ് ഉടന്‍ കരൂരിലേക്കില്ല. കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ ചെന്നൈയില്‍ എത്തിക്കും. ഒക്ടോബർ 27 നാണ് ഇരകളുടെ ബന്ധുക്കളെ ചെന്നൈയിലെത്തിക്കുക.മഹാബലിപുരത്ത് എല്ലാവരെയും ഒന്നിച്ചു കാണാനാണ് തീരുമാനം. ടിവികെ നേതാക്കള്‍ കുടുംബാംഗങ്ങളുമായി സംസാരിച്ചു. ചെന്നൈയിലേക്ക് വരാമെന്ന് ഭൂരിഭാഗം കുടുംബങ്ങളും സമ്മതിച്ചെന്നാണ് സൂചന.നേരത്തെ അറിയിച്ചിരുന്നത് വിജയ് കരൂരില്‍ എത്തുമെന്നായിരുന്നു. കരൂരില്‍ ടിവികെ അതിനായി രണ്ട് ഓഡിറ്റോറിയങ്ങൾ ബുക്ക് ചെയ്തിരുന്നു. ഓഡിറ്റോറിയത്തിൻ്റെ ഉടമകള്‍ വാക്ക് നല്‍കിയതിന് ശേഷം പിന്മാറിയതിനാൽ ബന്ധുക്കളെ ചെന്നൈയിലെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. ഡിഎംകെയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഉടമകള്‍ പിന്മാറിയതെന്ന് ടിവികെ ആരോപിക്കുന്നത്.എന്നാല്‍ ചെന്നൈയിലെ പരിപാടിയോട് ടിവികെയില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. ചെന്നൈയിലെ പരിപാടി പാര്‍ട്ടിക്ക് തിരിച്ചടി ആകുമെന്നാണ് നേതാക്കള്‍ വിലയിരുത്തുന്നത്. വിജയ് അടുത്ത മാസം സംസ്ഥാന പര്യടനം പുനരാരംഭിക്കും. സുരക്ഷ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഉടന്‍ അപേക്ഷ നല്‍കും.സെപ്റ്റംബർ 27നായിരുന്നു കരൂരിൽ വിജയ്‌യുടെ റാലി ദുരന്തത്തിൽ കലാശിച്ചത്. ശനിയാഴ്ച തോറും ടിവികെ വിജയ്‌യുടെ റാലി സംഘടിപ്പിച്ചിരുന്നു. ഇത്തരത്തിൽ സെപ്റ്റംബർ 27 ശനിയാഴ്ച കരൂർ വേലുചാമിപുരത്ത് ടിവികെ സംഘടിപ്പിച്ച റാലിയായിരുന്നു അപകടം വരുത്തിവെച്ചത്. വിജയ്‌യെ കാണാൻ രാവിലെ മുതൽ വലിയ ജനക്കൂട്ടം വേലുചാമിപുരത്ത് തമ്പടിച്ചിരുന്നു. ഉച്ചയ്ക്ക് ഒരുമണിക്കാണ് വിജയ് പരിപാടിക്ക് എത്തേണ്ടിയിരുന്നത്. എന്നാൽ ആറ് മണിക്കൂർ വൈകിയാണ് വിജയ് പരിപാടിക്ക് എത്തിയത്. ഇതിനകം തന്നെ ആളുകൾ തളർന്നുതുടങ്ങി. വിജയ് പ്രസംഗിച്ച് തുടങ്ങിയതോടെ ആളുകൾ കുഴഞ്ഞുവീണു. തുടർന്ന് വിജയ് പ്രസംഗം അവസാനിപ്പിക്കുകയും ആളുകൾക്ക് കുപ്പി വെള്ളം എറിഞ്ഞുനൽകുകയും ചെയ്തു.ഇതോടെ ആളുകൾ കുപ്പിവെള്ളം പിടിക്കാൻ തിരക്ക് കൂട്ടുകയും തിക്കിലും തിരക്കിലുംപെടുകയുമായിരുന്നു. സംഭവത്തിന് തൊട്ടുപിന്നാലെ വിജയ് സ്ഥലത്തുനിന്ന് മാറി. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവർത്തകരും പൊലീസും ചേർന്ന് കുഴഞ്ഞുവീണവരെ കരൂർ മെഡിക്കൽ കോളേജിലും സമീപത്തെ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ആദ്യ ദിവസം 38പേരാണ് മരിച്ചത്. ഈ സമയം കരൂർ എംഎൽഎ സെന്തിൽ ബാലാജിയും ആരോഗ്യമന്ത്രിയും അടക്കമുള്ളവർ ആശുപത്രിയിലെത്തി.തൊട്ടടുത്ത ദിവസം തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും സ്ഥലത്തെത്തി. ഈ സമയം വിജയ് ചെന്നൈയിലെ വീട്ടിൽ എത്തിയിരുന്നു. ‘ഹൃദയം തർന്നിരിക്കുന്നു’ എന്ന് പറഞ്ഞുകൊണ്ട് ഒരു എക്‌സ് പോസ്റ്റും പങ്കുവെച്ചിരുന്നു. അപകടം നടന്ന് തൊട്ടടുത്ത ദിവസമായ ഞായറാഴ്ച മൂന്ന് പേർ കൂടി മരിച്ചു. ഇതോടെ 41 പേരുടെ മരണം സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നാലെ വിജയ്‌ക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button