dummy_ads1-01
dummy_ads1-01
previous arrow
next arrow
News

സ്വതന്ത്രചിന്തയെ കാവിത്തൊഴുത്തില്‍ കെട്ടാന്‍ കൂട്ടുനിന്ന വിസിമാര്‍ അക്കാദമിക് സമൂഹത്തിനു മുമ്പില്‍ തല കുമ്പിട്ടുനില്‍ക്കേണ്ടി വരും’; ആര്‍ ബിന്ദു

ജ്ഞാനസഭയില്‍ വിസിമാര്‍ പങ്കെടുത്ത വിഷയത്തില്‍ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. ആധുനികലോകത്തിന് ഇണങ്ങുന്ന ഒരു ഉന്നതവിദ്യാഭ്യാസപദ്ധതിയും പൊറുപ്പിക്കില്ലെന്ന വിദ്യാവിരോധവുമായി കേരളത്തിനു നേരെ സംഘപരിവാര്‍ തിരിഞ്ഞിരിക്കുന്നതാണ് അവരുടെ സംഘടനയുടെ പേരില്‍ നടക്കുന്ന ജ്ഞാനസഭയെന്ന് മന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി. വിജ്ഞാനത്തിലേക്കും ജ്ഞാനത്തിലേക്കും നടന്ന് വിമോചിപ്പിക്കപ്പെട്ട കേരള സമൂഹത്തെ ബ്രാഹ്മണ്യാധികാരത്തിന്റെ നുകത്തിലാക്കുകയെന്ന ഹീനലക്ഷ്യം അതിനു പിറകിലുണ്ടെന്നത് കാണാതിരിക്കുന്നത് ചരിത്രനിഷേധമാണെന്നും ആര്‍ ബിന്ദു ചൂണ്ടിക്കാട്ടി. അക്കാദമിക് സ്വാതന്ത്ര്യത്തെയും സ്വതന്ത്രചിന്തയെയും കാവിത്തൊഴുത്തില്‍ കൊണ്ടു കെട്ടാന്‍ കൂട്ടുനിന്നതിന് ഈ വൈസ് ചാന്‍സലര്‍മാര്‍ അക്കാദമിക് സമൂഹത്തിനു മുമ്പില്‍ ഭാവികാലമാകെ തല കുമ്പിട്ടു നില്‍ക്കേണ്ടി വരുമെന്നും മന്ത്രി വിശദമാക്കി.രാജ്യം സ്വാതന്ത്ര്യാനന്തരം ആര്‍ജ്ജിച്ചു വരുന്ന സകല ഉന്നതവിദ്യാഭ്യാസ നേട്ടങ്ങളെയും ചവറ്റുകുട്ടയിലെറിയുകയെന്ന പ്രാകൃതപദ്ധതികളിലാണ് ബിജെപി ഭരണത്തിന്‍ കീഴില്‍ ആര്‍എസ്എസ്. മനുവാദത്തില്‍ ഊന്നിയ മതരാഷ്ട്രനിര്‍മ്മിതിയാണ് അവരുടെ ലക്ഷ്യം. അതിനു വേണ്ട ആശയ പരിസരം സൃഷ്ടിക്കാനാണ് സര്‍വകലാശാലകളെയും ബൗദ്ധിക കേന്ദ്രങ്ങളെയും കൈപ്പിടിയിലാക്കാന്‍ ശ്രമിക്കുന്നത്. അതിനു തുടര്‍ച്ചയായാണ് കേരളത്തിന്റെ വിശ്വാംഗീകാരമുള്ള അക്കാദമികാന്തരീക്ഷത്തെ അന്ധകാരയുഗത്തിലേക്ക് നയിക്കുകയെന്ന രഹസ്യ അജണ്ടയുമായുള്ള ആര്‍എസ്എസ് അനുകൂലികളുടെ സമ്മേളനം. ആ ഗൂഢലക്ഷ്യത്തിന്റെ പ്രാപ്തിക്കായി സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍മാരുടെ ആധികാരികതയെ കൂടി കാവി പൂശി നശിപ്പിക്കാനാണ് ഇവര്‍ പദ്ധതിയിട്ടതെന്നാണ് തെളിഞ്ഞിരിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തെയും ഭാവിയെയും ഇല്ലായ്മ ചെയ്യാനുള്ള വിജ്ഞാനവിരോധ നീക്കമാണിത് – മന്ത്രി വ്യക്തമാക്കിജ്ഞാനോല്പാദനത്തിനും വിജ്ഞാന വളര്‍ച്ചക്കും നേതൃത്വം വഹിക്കേണ്ട വൈസ് ചാന്‍സലര്‍മാരില്‍ ചിലരുടെയെങ്കിലും തലകള്‍ ജ്ഞാനവിരോധത്തിന്റെ തൊഴുത്താക്കി മാറ്റിയെന്നത് ആര്‍എസ്എസിന് അഭിമാനകരമായിരിക്കാമെങ്കിലും കേരളത്തിന് ലജ്ജാകരമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.സര്‍വമതസ്ഥരുമുള്‍പ്പെട്ട വിദ്യാകേന്ദ്രങ്ങളെ ഹിന്ദുത്വരാഷ്ട്ര നിര്‍മ്മിതിയ്ക്ക് അണിയറകളാക്കാന്‍ കൂട്ടുനില്‍ക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല – ആര്‍ ബിന്ദു പറഞ്ഞു.കേരളത്തില്‍ അജ്ഞാനത്തിന്റെ പ്രാകൃതസേന കെട്ടിപ്പടുക്കാമെന്ന സംഘപരിവാരത്തിന്റെ ദുഷ്ചിന്തയെ യുവതലമുറയും അക്കാദമിക് സമൂഹവും തുറന്നുകാട്ടുമെന്നും യഥാര്‍ത്ഥ ഗുരുവര്യന്മാര്‍ നല്‍കിയ വിദ്യകൊണ്ട് പ്രബുദ്ധരായ കേരളജനത അജ്ഞാനതിമിരത്തെ അലങ്കാരമായി കരുതുന്ന സംഘപരിവാരത്തിന്റെ പദ്ധതികളെ ചവറ്റുകൊട്ടയിലെറിയുമെന്നും മന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button