രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ പോയ ദിവസത്തെ വിഡിയോ കാണാനില്ല; ഫ്‌ളാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്ത നിലയില്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒളിവില്‍ പോയ ദിവസത്തെ ഫ്‌ളാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്ത നിലയില്‍. കഴിഞ്ഞ വ്യാഴാഴ്ചയിലെ ദൃശ്യങ്ങളാണ് നീക്കം ചെയ്യപ്പെട്ടിരിക്കുന്നത്. രാഹുലിനെ കണ്ടെത്താന്‍ പൊലീസ് ഊര്‍ജിത തിരച്ചില്‍ നടത്തുന്നതിനിടെ രാഹുല്‍ തിരുവനന്തപുരത്ത് ഉണ്ടെന്ന തരത്തില്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമം നടന്നതായി സൂചനയുണ്ട്. യുവതിയുടെ മൊഴിയില്‍ പറഞ്ഞിരിക്കുന്ന ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണസംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ഒരു മാസത്തെ ദൃശ്യങ്ങള്‍ മാത്രമാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. അതില്‍ തന്നെ രാഹുല്‍ ഒളിവില്‍പ്പോയ ദിവസത്തെ ദൃശ്യങ്ങള്‍ നീക്കം ചെയ്യപ്പെട്ടു. പാലക്കാട് കണ്ണാടിയില്‍ പ്രചരണം നടത്തുമ്പോഴാണ് രാഹുലിനെതിരെ കേസെടുത്തതായി വിവരം വന്നത്. തുടര്‍ന്ന് രാഹുല്‍ ഔദ്യോഗിക വാഹനത്തില്‍ ഫ്‌ളാറ്റിലേക്ക് തിരികെ വന്നെന്നും മറ്റൊരു വാഹനത്തില്‍ മുങ്ങിയെന്നുമായിരുന്നു പുറത്തുവന്ന വിവരം. രാഹുല്‍ വാഹനമെടുത്ത് പുറത്തേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളാണ് വിദഗ്ധമായി നീക്കം ചെയ്തിരിക്കുന്നത്ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനായി ഊൗര്‍ജിതമായ തിരച്ചിലാണ് അന്വേഷണ സംഘം നടത്തുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലുമാണ് പരിശോധന നടക്കുന്നത്. കഴിഞ്ഞദിവസം രാഹുലിന്റെ സുഹൃത്തുക്കളുടെ വീട്ടിലടക്കം പരിശോധന നടത്തിയെങ്കിലും തെളിവുകള്‍ ലഭിച്ചില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് സംസ്ഥാനത്തിനകത്തും പുറത്തും രാഹുലിനായി വലവിരിച്ചിരിക്കുകയാണ്. രണ്ടാംപ്രതി ജോബി ജോസഫും ഒളിവിലാണ്.



