വേടനെതിരായ കഞ്ചാവ് കേസ് അന്വേഷണം സിനിമയിലേക്ക്; മാനേജര്‍ക്ക് കഞ്ചാവ് കൈമാറിയത് സിനിമാനടന്റെ സഹായി എന്ന് വിവരം.

റാപ്പര്‍ വേടനെതിരെയുള്ള കഞ്ചാവ് കേസ് അന്വേഷണം സിനിമയിലേക്കും. വേടന്റെ മാനേജര്‍ക്ക് കഞ്ചാവ് കൈമാറിയത് സിനിമാനടന്റെ സഹായി എന്നാണ് വിവരം. വേടന്റെ സംഗീതപരിപാടികള്‍ നിരീക്ഷണത്തില്‍ ആയിരുന്നില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ പ്രതികരിച്ചു.കേസുമായി ബന്ധപ്പെട്ട് പൊലീസും എക്‌സൈസും സംയുക്തമായി തന്നെ സിനിമ മേഖലയിലെ ഇടപാടുകള്‍ പരിശോധിച്ചു വന്നിരുന്നു. താന്‍ സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നയാളല്ലെന്നും തന്റെ മാനേജര്‍മാരാണ് കഞ്ചാവ് എത്തിച്ചു നല്‍കുന്നതെന്നും വേടന്‍ ഇന്നലെ മൊഴി നല്‍കിയിരുന്നു. അതില്‍ ഒരാളാണ് ചാലക്കുടി സ്വദേശിയെ പരിചയപ്പെടുത്തിത്തരുന്നത്. അയാളുടെ കൈയില്‍ നിന്ന് മാനേജര്‍ കഞ്ചാവ് വാങ്ങിക്കൊണ്ടുവന്ന് തന്നാണ് തനിക്ക് തരുന്നത്. മാനേജര്‍ സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നയാളാണ് എന്നാണ് വേടന്‍ മൊഴി നല്‍കിയിരുന്നത്. സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നു എന്ന മൊഴി മാനേജരും സ്ഥിരീകരിച്ചിട്ടുണ്ട്. മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഒരു നടന്റെ സഹായിയായ വ്യക്തിയാണ് മാനേജര്‍ക്ക് കഞ്ചാവ് ഇടനിലക്കാരനെ പരിചയപ്പെടുത്തിയത് എന്നാണ് വിവരം. ഇങ്ങനെയാണ് വേടനിലേക്ക് ലഹരി വല എത്തുന്നത്. ലഹരി ഉപയോഗത്തിന് വേണ്ടി വിളിച്ച ഫോണ്‍ വിവരങ്ങള്‍, സാമ്പത്തിക കൈമാറ്റങ്ങള്‍ എന്നിവയെല്ലാം പരിശോധിക്കാനാണ് പൊലീസ് തീരുമാനിച്ചത്. ഇതിനായി ഫോണുകള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവരങ്ങള്‍ സൈബര്‍ പൊലീസിനോട് ശേഖരിച്ചു നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.ഫ്‌ളാറ്റില്‍ നിന്ന് കഞ്ചാവ് കിട്ടിയ കേസില്‍ വേടനെയുള്‍പ്പടെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിട്ടുണ്ടെന്ന് പുട്ട വിമലാദിത്യ പറഞ്ഞു. പുലിപ്പല്ലുമായി ബന്ധപ്പെട്ട് വനംവകുപ്പ് നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുലിപ്പല്ല് കണ്ടെടുത്ത കേസില്‍ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി. കസ്റ്റഡിയിലുള്ള വേടനെ ഇന്ന് കോടതിയില്‍ ഹാജരാക്കും