വൈറ്റിലയിൽ റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

കൊച്ചി: എറണാകുളം വൈറ്റില റെയിവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് മൃതദേഹം അമൃത എക്‌സ്പ്രസിന്റെ ലോക്കോപൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. വൈറ്റില ഫ്‌ളൈഓവറിന് സമീപം മൃതദേഹം കണ്ട ലോക്കോപൈലറ്റ് ആദ്യം റെയിൽവേയിലും തുടർന്ന് പൊലീസിലും വിവരമറിയിച്ചു. ആത്മഹത്യാ സൂചനയും കൊലപാതക സൂചനയും പൊലീസ് തള്ളിയിട്ടില്ല. മൃതദേഹത്തിന്റെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളു.നാൽപത് വയസ് പ്രായമുള്ള സ്ത്രീയാണ് മരിച്ചതെന്നാണ് നിഗമനം. മൃതശരീരത്തിന്റെ തല ട്രാക്കിനോട് ചേർന്നും ശരീരഭാഗങ്ങൾ പുറത്തുമായുമാണ് കാണുന്നത്. സ്ത്രീയുടെ മുഖത്തടക്കം പാടുകൾ ഉണ്ടെങ്കിലും ട്രെയിനിടിച്ച രീതിയിലുള്ള പരിക്കുകളൊന്നുമില്ല. ഇതാണ് കൊലപാതകമാണെന്ന് പൊലീസ് സംശയിക്കാൻ കാരണം. ട്രെയിനുകൾ കടന്നുപോകാത്ത ഉപയോഗിക്കാത്ത ട്രാക്കിനടുത്താണ് മൃതദേഹം കിടക്കുന്നത്. അതിനാൽ ആത്മഹത്യയാവാമെന്ന ഉറപ്പ് പൊലീസ് നൽകുന്നുമില്ല.



