ശക്തൻ തമ്പുരാൻ തുടങ്ങിവെച്ച ആഘോഷം നമ്മുടെ ആചാരങ്ങളുടെ നേർക്കാഴ്ച’; തൃശൂർ പൂരത്തിന് ആശംസ നേർന്ന് അമിത് ഷാ

തൃശൂർ: തൃശൂർ പൂരത്തിന് ആശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ശക്തൻ തമ്പുരാൻ തുടങ്ങിവെച്ച ഈ ആഘോഷം നമ്മുടെ ആചാരങ്ങളുടെ നേർക്കാഴ്ചയാണെന്ന് അമിത് ഷാ സാമൂഹ്യമാധ്യമമായ എക്സിൽ കുറിച്ചു. അനാദിയായ സാംസ്കാരിക പൈതൃകത്തിന്റെ ഐക്യത്തെയാണ് പൂരം സൂചിപ്പിക്കുന്നെന്നും അദ്ദേഹം കുറിച്ചു. മലയാളത്തിലും അദ്ദേഹം ആശംസകൾ കുറിച്ചിട്ടുണ്ട്.തൃശൂർ പൂരാവേശത്തിലാണ്. ജനസാഗരമാണ് പൂരനഗരിയിലേക്ക് ഒഴുകിയെത്തുന്നത്. പതിനൊന്ന് മണിയോടെ മഠത്തിൽ വരവ് പഞ്ചവാദ്യം ആരംഭിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഇലഞ്ഞിത്തറ മേളം. തെക്കേനടയിൽ വൈകിട്ട് അഞ്ചരയോടെയാണ് കുടമാറ്റം. തിരുവമ്പാടിയും പാറമേക്കാവും എന്തൊക്കെ സർപ്രൈസായിരിക്കും കാത്തുവയ്ക്കുക എന്നതാണ് ഏവരുടേയും ആകാംക്ഷ. നാളെ രാവിലെ മൂന്ന് മണിക്കാണ് വെടിക്കെട്ട്. നയന മനോഹര കാഴ്ചകളാകും വടക്കുംനാഥ സന്നിധി ഒരുക്കിയിരിക്കുന്നതെന്നതിൽ സംശയമില്ല.ഇന്നലെ ആയിരങ്ങളെ സാക്ഷിയാക്കി നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേഗോപുര വാതിൽ തുറന്നോടെയാണ് പൂരച്ചടങ്ങുകൾക്ക് തുടക്കമായത്. പൂരത്തിന് സുരക്ഷ ഉറപ്പാക്കുന്നതിനായി 500 സിസിടിവി കാമറകളാണ് പൊലീസ് സജ്ജമാക്കിയിരിക്കുന്നത്.