ശബരിമലയിലെ ആടിയ നെയ്യ് ക്രമക്കേടിൽ കേസെടുത്ത് വിജിലൻസ്; എസ് പി മഹേഷ് കുമാറിന് അന്വേഷണ ചുമതല

ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ വിജിലൻസ് കേസെടുത്തു. ഹൈക്കോടതി നിർദേശപ്രകാരമാണ് കേസെടുത്തത്. എസ്പി മഹേഷ്കുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണത്തിനുള്ള ചുമതല.പ്രാഥമിക പരിശോധനയിൽ 3,624,000 രൂപയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് വിജിലൻസ് അറിയിച്ചു. ജീവനക്കാരും ശാന്തിക്കാരും ഉൾപ്പെടെ നെയ്യ് വിൽപ്പന ചുമതലയിലുണ്ടായിരുന്ന 33 പേര്‍ പ്രതികളാണ്.13,679 പാക്കറ്റ് നെയ്യ് വിറ്റ വകയിലുള്ള പണം ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഈ വകയിൽ 13 ലക്ഷത്തോളം രൂപ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തൽ.കേവലം ഒരാൾ മാത്രം വിചാരിച്ചാൽ നടക്കുന്ന തട്ടിപ്പല്ല നടന്നതെന്നാണ് കോടതിയുടെ വിലയിരുത്തൽ. ഇതിന് പിന്നാലെയാണ് ദേവസ്വം ജീവനക്കാർക്ക് എതിരെയുള്ള അതിരൂക്ഷ വിമർശനം.ഭക്തരെ സേവിക്കാനല്ല ശബരിമലയിലെ ചില ദേവസ്വം ജീവനക്കാർ എത്തുന്നത്. സ്വന്തം ലാഭത്തിന് വേണ്ടിയാണ്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനാണ് കണക്കുകൾ കൃത്യമാക്കാനുള്ള ഹൈക്കോടതിയുടെ നിർദേശം. സമഗ്രവും കൃത്രിമം കാണിക്കാത്തതുമായ ഒരു സോഫ്റ്റ്‌വെയർ സംവിധാനം ദേവസ്വം ബോർഡ് ഒരുക്കണം. ഇത് ബോർഡിന്റെ ഉത്തരവാദിത്വമാണ്. നടപടികൾ വൈകിയാൽ ചിലരുടെ വ്യക്തി താൽപര്യമായി കണക്കാക്കേണ്ടി വരുമെന്നും ദേവസ്വം ബെഞ്ച് ചൂണ്ടികാണിച്ചു.



