ശബരിമല സ്വര്‍ണ്ണക്കൊള്ള; എസ് ജയശ്രീയ്ക്ക് തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീയ്ക്ക് തിരിച്ചടി. മുന്‍കൂര്‍ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ സെഷന് കോടതി തള്ളി. ദ്വാരപാലകപ്പാളികേസില്‍ 4ാം പ്രതിയാണ് ജയശ്രീ. ബോര്‍ഡ് മുന്‍ സെക്രട്ടറി ആയ ജയശ്രീ മിനുട്ട്സില്‍ തിരുത്തല്‍ വരുത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ജയശ്രീയെ ഉടന്‍ അറസ്റ്റ് ചെയ്തേക്കും.പാളികള്‍ കൊടുത്തുവിടാനുള്ള ദേവസ്വം ബോര്‍ഡ് മിനുട്ട്സില്‍ ആണ് തിരുത്തല്‍ വരുത്തിയത്. ചെമ്പു പാളികള്‍ ഉണ്ണികൃഷ്ണന് പോറ്റിക്ക് കൊടുത്തു വിടണം എന്നായിരുന്നു ജയശ്രീ മിനുട്സില്‍ എഴുതിയത്അതിനിടെ സ്വര്‍ണക്കൊള്ളയില്‍2019 ലെ വിവാദ ഫയലുകള്‍ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. എന്‍ വാസു ദേവസ്വം കമ്മീഷണര്‍ ആയിരിക്കെ വാസുവിന്റെ ഓഫീസിലെ ശബരിമല സെക്ഷന്‍ ക്ലര്‍ക്കായിരുന്ന ശ്യാം പ്രകാശിനെയാണ് സ്ഥലം മാറ്റിയത്. ദേവസ്വം വിജിലന്‍സ് തിരുവനന്തപുരം സോണ്‍ ഓഫീസര്‍ ആയിരുന്നു ശ്യാം പ്രകാശിനോട് അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചിരുന്നു. നിര്‍ബന്ധിത അവധിക്ക് പിന്നാലെയാണ് ഇപ്പോള്‍ സ്ഥലംമാറ്റം. ദേവസ്വം വിജിലന്‍സില്‍ നിന്ന് വര്‍ക്കല ഗ്രൂപ്പിലേക്കാണ് ശ്യാം പ്രകാശിനെ സ്ഥലംമാറ്റിയത്. വര്‍ക്കല അസിസ്റ്റന്റ് ദേവസം കമ്മീഷണര്‍ ആയിട്ടാണ് സ്ഥലംമാറ്റം.



