News
തിരുനാളിനോട് അനുബന്ധിച്ച് അലങ്കാരപ്പണിക്കിടെ പള്ളിയുടെ മുകളിൽ നിന്നും വീണു; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

സെന്റ് ജോർജ് മലങ്കര പള്ളി തിരുനാളിനോട് അനുബന്ധിച്ചുള്ള അലങ്കാര ജോലികൾക്കിടെയാണ് പള്ളിയുടെ മുകളിൽ നിന്ന് വീണ് മനോജിന് ഗുരുതരമായി പരിക്കേറ്റത്
ഇടുക്കി: ഉപ്പുതറയിൽ പള്ളി തിരുനാളിനോട് അനുബന്ധിച്ച് കൊടി തോരണങ്ങൾ കെട്ടാൻ കയറുന്നതിനിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഉപ്പുതറ വളകോട് പാലക്കാവ് ചിറയിൽ സി മനോജ് (39) ആണ് മരിച്ചത്.
കഴിഞ്ഞ 21 ന് രാത്രിയിലാണ് അപകടം നടന്നത്. സെന്റ് ജോർജ് മലങ്കര പള്ളി തിരുനാളിനോട് അനുബന്ധിച്ചുള്ള അലങ്കാര ജോലികൾക്കിടെയാണ് മനോജ് പള്ളിയുടെ മുകളിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റത്. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



