dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ശബരിമല സ്വർണക്കൊള്ള: വരവിൽ കവിഞ്ഞ സ്വത്തെന്ന് സംശയം, മുരാരി ബാബുവിനെതിരെ പിടിമുറുക്കി വിജിലൻസ്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുരാരി ബാബുവിനെതിരെ പിടിമുറുക്കി വിജിലന്‍സ്. സംസ്ഥാന വിജിലന്‍സ് മുരാരി ബാബുവിനെതിരെ വീണ്ടും അന്വേഷണം ആരംഭിച്ചു. മുരാരി ബാബുവിന് നല്‍കിയ ശമ്പളത്തിന്റെയും ആനുകൂല്യങ്ങളുടെയും കണക്ക് തേടിയിട്ടുണ്ട്. കണക്ക് തേടി വിജിലന്‍സ് ദേവസ്വം ബോര്‍ഡിന് കത്തയയ്ക്കുകയും ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെത്തി ഫയലുകള്‍ പരിശോധിക്കുകയും ചെയ്തു. 10 ദിവസത്തിനകം ഇതുമായി ബന്ധപ്പെട്ട രേഖകള്‍ നല്‍കണമെന്ന് വിജിലന്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.എസ്‌ഐടിക്കും ഇ ഡിക്കും പിന്നാലെയാണ് ഇപ്പോള്‍ വിജിലന്‍സും മുരാരി ബാബുവിനെതിരെ കളത്തിലിറങ്ങിയിരിക്കുന്നത്. ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം നടത്തിയ ഓഡിറ്റിന്റെ രേഖകളും പരിശോധിക്കാനാണ് വിജിലന്‍സ് തീരുമാനം. ശബരിമല കൂടാതെ മുരാരി ബാബു ജോലി ചെയ്ത മറ്റു ക്ഷേത്രങ്ങളിലെ ഇടപാടുകളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അന്വേഷിക്കും. മുരാരി ബാബു വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന വിലയിരുത്തലിന് പിന്നാലെയാണ് ഇക്കാര്യങ്ങള്‍ പരിശോധിക്കാനൊരുങ്ങുന്നത്. ക്രമക്കേടുകളിലൂടെ നേടിയെടുത്ത പണം മറ്റെവിടെയെങ്കിലും നിക്ഷേപിച്ചിട്ടുണ്ടോ എന്നും വിജിലന്‍സ് സംശയിക്കുന്നുണ്ട്.പെരുന്നയില്‍ രണ്ട് കോടി രൂപ ചിലവാക്കി മുരാരി ബാബു നിര്‍മിച്ച വീടിന്റെ രേഖകള്‍ നേരത്തെ വിജിലന്‍സ് പരിശോധിച്ചിരുന്നു. തുടര്‍ന്ന് നടക്കുന്ന അന്വേഷണത്തില്‍ സ്വര്‍ണക്കൊള്ളയില്‍ പങ്കുള്ള മറ്റ് ഉദ്യോഗസ്ഥരുടെ സ്വത്ത് വിവരങ്ങളും വിജിലന്‍സ് ശേഖരിക്കുമെന്നാണ് സൂചന.അതേസമയം സ്വര്‍ണക്കൊള്ള കേസില്‍ പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് എസ്‌ഐടി. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളികള്‍ കഴിഞ്ഞ വര്‍ഷം സ്വര്‍ണം പൂശാന്‍ കൊണ്ടുപോയതില്‍ പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനാണ് എസ്‌ഐടി നീക്കം. ഇതിനായി നിയമോപദേശം ലഭിച്ചുവെന്നാണ് സൂചന. അങ്ങനെയെങ്കില്‍ പി എസ് പ്രശാന്ത് അധ്യക്ഷനായ കഴിഞ്ഞ ദേവസ്വം ബോര്‍ഡും പ്രതിപ്പട്ടികയില്‍ വന്നേക്കും. കഴിഞ്ഞ വര്‍ഷം സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ടുള്ള ഇടപാടുകള്‍ 2019 ല്‍ നടന്ന സ്വര്‍ണകൊള്ള മറയ്ക്കാനുള്ള നീക്കമായിരുന്നുവെന്ന് ഹൈക്കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുക്കാന്‍ എസ്‌ഐടി നീക്കം നടത്തുന്നത്.2019ലെ സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ മുരാരി ബാബുവാണ് 2024ല്‍ സ്വര്‍ണപ്പാളികളില്‍ വീണ്ടും സ്വര്‍ണംപൂശാനുള്ള നീക്കങ്ങള്‍ക്കും തുടക്കമിട്ടത്. ഇത് മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഒത്താശയോടെയാണെന്ന സംശയത്തിലാണ് എസ്ഐടി. ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിന് സ്വര്‍ണം പൂശാനുള്ള വൈദഗ്ധ്യം കുറവാണെന്ന് 2025ല്‍ തിരുവാഭരണം കമ്മീഷന്‍ ഫയലില്‍ കുറിച്ചിരുന്നു. പിന്നീട് ഏഴ് ദിവസങ്ങത്തിന് ശേഷം ഈ നിലപാട് തിരുത്തിയത് ബോര്‍ഡ് തലപ്പത്തെ ഇടപെടല്‍ മൂലമാണെന്ന് കണ്ടെത്തിയിരുന്നു. വീണ്ടും സ്വര്‍ണം പൂശാനായി പാളികള്‍ ഇളക്കികൊണ്ടു പോകുന്ന കാര്യം ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മീഷണറെ അറിയിച്ചില്ലെന്നത് മാത്രമാണ് വീഴ്ചയെന്നാണ് മുന്‍ ബോര്‍ഡിന്റെ വിശദീകരണം. എന്നാല്‍ സ്പെഷ്യല്‍ കമ്മീഷണറുടെ അനുമതി തേടാത്തതിലും ചട്ടവിരുദ്ധമായി ക്ഷേത്രപാളികള്‍ ശബരിമലയ്ക്ക് പുറത്തേക്കുകൊണ്ടുപോയതിലും വീഴ്ചയുണ്ടായെന്നും ഹൈക്കോടതി കണ്ടെത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button