News
സംഗീത സംവിധായകൻ ജി. ദേവരാജൻ മാസ്റ്ററുടെ സഹോദരനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: അന്തരിച്ച പ്രശസ്ത സംഗീത സംവിധായകൻ ജി. ദേവരാജൻ മാസ്റ്ററുടെ സഹോദരനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ഗീതാജ്ഞലി വീട്ടിൽ രവീന്ദ്രൻ (93) നെയാണ് ഗുരുവായൂരിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. റിട്ട. ജില്ലാ പഞ്ചായത്ത് സെക്രട്ടറിയാണ് അദ്ദേഹം. അവിവാഹിതനായ ഇദ്ദേഹം കഴിഞ്ഞ അഞ്ചു വർഷമായി ഗുരുവായൂർ ക്ഷേത്തത്തിനടുത്ത് പടിഞ്ഞാറേ നടയിലെ കാപ്പിറ്റൽ സഫറോൺ ഫ്ലാറ്റിൽ തനിച്ചായിരുന്നു താമസം എന്നാണ് ലഭിക്കുന്ന വിവരം.രണ്ട് ദിവസമായി രവീന്ദ്രനെ ഫ്ലാറ്റിന് പുറത്ത് കാണാത്തതിനാൽ അടുത്തുള്ള താമസക്കാർ ആണ് പോലീസിൽ അറിയിച്ചത്. തുടർന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ഇദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടത്. പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.