ശ്രീചിത്ര കെയര്‍ഹോമില്‍ മൂന്ന് പെൺകുട്ടികൾ ജീവനൊടുക്കാന്‍ ശ്രമിച്ചു; കുട്ടികള്‍ കള്ളം പറയുന്നുവെന്ന് സൂപ്രണ്ട്

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ മൂന്ന് പെണ്‍കുട്ടികള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ആറിലും ഒമ്പതിലും പത്തിലും പഠിക്കുന്ന കുട്ടികളാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. വൈറ്റമിന്‍ ഗുളികകളും പാരസെറ്റമൊളുകളും കഴിച്ചാണ് ആത്മഹത്യാശ്രമം നടത്തിയത്. ഉടന്‍ തന്നെ കുട്ടികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. നിലവില്‍ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വിദഗ്ദര്‍ അറിയിച്ചു.ഒരു മാസം മുന്‍പാണ് കുട്ടികള്‍ ശ്രീചിത്ര ഹോമില്‍ എത്തിയത്. അതേ സമയം സംഭവത്തില്‍ ശീചിത്രാ പൂവര്‍ ഹോം സൂപ്രണ്ട് വി ബിന്ദു പ്രതികരിച്ചു. പെണ്‍കുട്ടികളുടേത് ആത്മഹത്യ ശ്രമമായിരുന്നില്ല എന്നും വീട്ടില്‍ പോകുന്നതിന് വേണ്ടി പേടിപ്പിക്കാനാണ് ഗുളിക കഴിച്ചത് എന്നുമാണ് സൂപ്രണ്ട് നല്‍കുന്ന വിശദീകരണം. രണ്ട് പാരസെറ്റാമോളും രണ്ട് വിറ്റാമിന്‍ ഗുളികകളുമാണ് കഴിച്ചത്.കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും റാഗിംഗ് നടന്നുവെന്ന് പറയുന്നത് കള്ളമാണെന്നും സൂപ്രണ്ട് പറയുന്നു. ഗുളിക കഴിച്ച ഇളയ കുട്ടി മൂത്ത രണ്ട് കുട്ടികളെ കളിയാക്കിയിരുന്നു.വന്ന ദിവസം മുതല്‍ മതില്‍ ചാടി പോകുമെന്ന് പറഞ്ഞിട്ട് പോയില്ലല്ലോ എന്നാണ് ചോദിച്ചത്. ഇതിനെയാണ് റാഗിംഗ് എന്ന് ചിത്രീകരിച്ചത് എന്നും സൂപ്രണ്ട് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കുട്ടികള്‍ ശ്രീചിത്രയില്‍ എത്തിയിട്ട് ഒരു മാസം ആയിട്ടില്ല. വന്ന ദിവസം മുതല്‍ വീട്ടില്‍ പോകണമെന്ന് പറയുന്നുണ്ടായിരുന്നു. വീട്ടിലേക്ക് വിടേണ്ടന്ന് തങ്ങളോട് സിഡബ്ല്യൂസി പറഞ്ഞിരുന്നതായും സൂപ്രണ്ട് പ്രതികരിച്ചു.