ഷർട്ടിലെ ബട്ടൺസ് ഇട്ടില്ല; വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചെന്ന് പരാതി

പാലക്കാട്: ഷർട്ടിലെ ബട്ടൺസ് ഇടാത്തതിന് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചുവെന്ന് പരാതി. പാലക്കാട് മണ്ണാർക്കാട് നജാത് ആര്‍ട്‌സ് ആന്റ് സയൻസ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി മിൻഹാജിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ രണ്ട് വിദ്യാർത്ഥികളെ കോളേജ് അധികൃതർ സസ്പെൻഡ് ചെയ്കു. മുഹമ്മദ് സലാം, മുഹമ്മദ് ഇജ്‌ലാല്‍, അധിക്സമാൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്. മർദ്ദനത്തിൽ തലയ്ക്ക് പരിക്കേറ്റ വിദ്യാർത്ഥി വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യാർത്ഥിയുടെ കുടുംബത്തിന്റെ പരാതിയിൽ മണ്ണാർക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാർത്ഥിയുടെ മൊഴി ഉടൻ പൊലീസ് രേഖപ്പെടുത്തും. കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികൾക്കെതിരെ സ്കൂൾ അധികൃതർ നടപടി സ്വീകരിച്ചത്