പ്രദീപ്-മമിത കോമ്പോ രജനികാന്തും ശ്രീദേവിയും പോലെ, മമിതയെ കാസ്റ്റ് ചെയ്തത് പ്രേമലുവിനും മുൻപ്; കീർത്തിശ്വരൻ

’30 വയസുള്ളപ്പോള്‍ രജനികാന്ത് എങ്ങനെയായിരിക്കും ഈ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ടാവുക എന്ന ചിന്തയോടെയാണ് ഞാൻ സിനിമയുടെ തിരക്കഥയെഴുതിയത്’ലവ് ടുഡേ, ഡ്രാഗൺ എന്നീ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനും സംവിധായകനുമാണ് പ്രദീപ് രംഗനാഥൻ. തുടർച്ചയായി രണ്ട് 100 കോടി സിനിമകളാണ് ഇപ്പോൾ പ്രദീപിന്റെ പേരിലുള്ളത്. നവാഗതനായ കീർത്തിശ്വരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഡ്യൂഡ്’ ആണ് ഇനി പുറത്തിറങ്ങാനുള്ള പ്രദീപ് ചിത്രം. ഇപ്പോഴിതാ സിനിമയെക്കുറിച്ച് സംവിധായകൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുന്നത്.താൻ രജനികാന്തിനെ മനസ്സിൽ കണ്ട് എഴുതിയ സിനിമയാണ് ഡ്യൂഡ് എന്നാണ് സംവിധായകൻ കീർത്തിശ്വരൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ’30 വയസുള്ളപ്പോള്‍ രജനികാന്ത് എങ്ങനെയായിരിക്കും ഈ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ടാവുക എന്ന ചിന്തയോടെയാണ് ഞാൻ സിനിമയുടെ തിരക്കഥയെഴുതിയത്. പ്രദീപ് എന്റെ കഥാപാത്രത്തിന് അനുയോജ്യനാണെന്നും എനിക്ക് തോന്നി’. അതേസമയം ചിത്രത്തിലേക്ക് മമിതയെ കൊണ്ടു വരുന്നത് പ്രേമലുവിന് ശേഷമല്ലെന്നാണ് അദ്ദേഹം പറയുന്നത്. പ്രേമലു പുറത്തിറങ്ങും മുമ്പ് തന്നെ മമിതയെ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തിരുന്നു. സൂപ്പര്‍ ശരണ്യയിലെ പ്രകടനം കണ്ടാണ് മമിതയെ തെരഞ്ഞെടുക്കുന്നത്. മമിത വന്നതോടെ, രജനികാന്തും ശ്രീദേവിയുമായിരുന്നു അഭിനയിച്ചതെങ്കിൽ എങ്ങനെ ആകുമായിരുന്നുവോ അതുപോലെ തന്നെയായി സിനിമ എന്നും സംവിധായകൻ കൂട്ടിച്ചേർത്തു.മമിത ബൈജു, അനു ഇമ്മാനുവേൽ, ഐശ്വര്യ ശർമ്മ തുടങ്ങിയവരാണ് സിനിമയിലെ നായികമാർ. പുഷ്പ, ജനത ഗാരേജ്, ഗുഡ് ബാഡ് അഗ്ലി തുടങ്ങിയ വമ്പൻ സിനിമകൾ നിർമിച്ച മൈത്രി മൂവി മേക്കേഴ്സ് ആണ് സിനിമ നിർമിക്കുന്നത്. സുധ കൊങ്കരയ്ക്ക് ഒപ്പം സൂരരൈ പോട്ര്, പാവൈ കഥൈകൾ എന്നീ സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള ആൾ ആണ് കീർത്തിശ്വരൻ. ‘കാട്ച്ചി സേര’, ‘ആസ കൂടാ’ തുടങ്ങിയ ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച സായ് അഭ്യങ്കർ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. ദീപാവലിക്കാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. ഗുഡ് ബാഡ് അഗ്ലിക്ക് ശേഷം മൈത്രി മൂവി മേക്കേഴ്സിന്റെ രണ്ടാമത്തെ തമിഴ് സിനിമയാണിത്. ഹൃദു ഹാറൂൺ, രോഹിണി എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.



