ഉത്തരാഖണ്ഡ് മിന്നൽ പ്രളയം: 5 പേരുടെ മൃതദേഹം കണ്ടെത്തി; 28 മലയാളികളും സുരക്ഷിതരെന്ന് മലയാളി സമാജം പ്രസിഡൻ്റ്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായ 28 മലയാളികളും സുരക്ഷിതരെന്ന് മലയാളി സമാജം പ്രസിഡന്റ്. മലയാളികള്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറെ ഫോണില്‍ വിളിക്കാനായെന്നും ഗംഗോത്രിക്ക് സമീപമാണ് ഇവര്‍ കുടുങ്ങിക്കിടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡിഫെന്‍സ് സംഘം വാഹനം ലൊക്കേറ്റ് ചെയ്തു എന്ന് ബന്ധുവായ അമ്പിളിയും പ്രതികരിച്ചു. അപകടം ഉണ്ടായതിന് നാല് കിലോമീറ്റര്‍ അപ്പുറത്താണ് മലയാളികള്‍ കുടുങ്ങി കിടക്കുന്നത്.അതേസമയം മിന്നല്‍ പ്രളയത്തില്‍ മരിച്ച അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തി. ഐടിബിപിയുടെ രണ്ട് വാഹനം ഒലിച്ച് പോയിട്ടുണ്ട്. കൂടുതല്‍ ഹെലികോപ്റ്റര്‍ ദുരന്തമുഖത്ത് സജ്ജമാക്കിയിട്ടുണ്ട്. നിലവില്‍ റോഡ് തകര്‍ന്നത് രക്ഷാദൗത്യത്തിന് വെല്ലുവിളിയായിട്ടുണ്ട്.ധരാലിക്കുള്ള റോഡ് പുനര്‍ നിര്‍മാണം പുരോഗമിക്കുകയാണ്. റോഡ് നിര്‍മാണം വൈകിട്ട് 5 മണിയോടെ പൂര്‍ത്തിയാകും. നദിക്ക് കുറുകെയുള്ള തകര്‍ന്ന പാലവും നിര്‍മിക്കാന്‍ നീക്കമുണ്ട്. ദേശീയപാത 34ലെ തടസങ്ങള്‍ നീക്കാനും പ്രത്യേക ദൗത്യത്തെ സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ ഓപ്പറേഷന്‍ ശിവാലിക് എന്ന പേരില്‍ ദൗത്യം തുടങ്ങിയിട്ടുണ്ട്. ഉത്തരകാശി-ഗംഗോത്രി പാതയിലെ അവശിഷ്ടങ്ങളുടെ തടസ്സവും നീക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.കഴിഞ്ഞ ദിവസം സൈനിക ക്യാംപില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെ ധരാലിയില്‍ ഉച്ചയ്ക്ക് 1.15 ഓടെയാണ് മേഘവിസ്ഫോടനമുണ്ടായത്. ധരാലി ഗ്രാമത്തിന്റെ ഒരു ഭാഗം പൂര്‍ണമായും ഒലിച്ചുപോയി. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. എന്‍ഡിആര്‍എഫ് സംഘങ്ങളും ധരാലിയിലെത്തിയിട്ടുണ്ട്. ഗംഗോത്രിയിലേക്കുളള വഴിയിലെ പ്രധാന ഇടത്താവളമാണ് ധരാലി. നിരവധി ഹോട്ടലുകളും റെസ്റ്റോറന്റുകളും ഹോംസ്റ്റേകളുമുളള മേഖലയാണ് ധരാലി. ഖീര്‍ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്താണ് മേഘവിസ്ഫോടനമുണ്ടായത്.



