ഹൈബ്രിഡ് കഞ്ചാവ് കേസ്: ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തും

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസിയെ ചോദ്യംചെയ്യാൻ വിളിച്ചുവരുത്തും. അടുത്തയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടിസ് നൽകിയേക്കും. കേസിൽ ശ്രീനാഥ് ഭാസി മുൻകൂർ ജാമ്യ ഹർജിയുമായി കോടതിയെ സമീപിക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്‌തിരുന്നു..ആദ്യം നോട്ടീസ് നൽകി വിവരങ്ങൾ ശേഖരിക്കുക മാത്രമായിരിക്കും. തന്നോട് കഞ്ചാവ് വേണോ എന്ന് ചോദിക്കുകയും അതിനോട് പ്രതികരിക്കുകയും ചെയ്‌തതായി ഹർജിയിൽ പറയുന്നുണ്ട്. ഇത് കഞ്ചാവ് ഇടപാട് നടന്നതിൻ്റെ സൂചനയായി എക്സൈസ് വിലയിരുത്തുന്നു. ശ്രീനാഥ് ഭാസിയെ ആദ്യം ചോദ്യം ചെയ്ത ശേഷമായിരിക്കും ഷൈൻ ടോം ചാക്കോയെ വിളിപ്പിക്കുക.അടുത്തയാഴ്ചയോടെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ് നൽകുമെന്നാണ് അറിയുന്നത്. അതിനുള്ളിൽ അറസ്‌റ്റിലായ തസ്ലീമ, സുൽത്താൻ അക്ബർ അലി, ഫിറോസ് എന്നിവരെ കസ്‌റ്റഡിയിൽ വാങ്ങും.ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് നൽകിയതിന്റെ ഫലവും വരും. ശക്‌തമായ തെളിവുകൾ ശേഖരിച്ചതിന് ശേഷമായിരിക്കും തുടർ നടപടികൾ. തസ്ലീമയുടെ ഫോണിൽ നിന്നും സിനിമ മേഖലയുമായ ബന്ധപെട്ട ലഹരി ഇടപാടിന്റെ നിർണായക തെളിവുകൾ കിട്ടുമെന്നാണ് പ്രതീക്ഷ. പിടിയിലായ സുൽത്താൻ അക്ബർ അലി ഹൈബ്രിഡ് കഞ്ചാവിനൊപ്പം സ്വർണക്കടത്തും നടത്തിയിട്ടുള്ളതായും രാജ്യാന്തര കള്ളക്കടത്ത് റാക്കറ്റിന്റെ കണ്ണിയാണെന്നും സൂചനയുണ്ട്