15% താരിഫിൽ ജപ്പാനുമായി വ്യാപാര കരാർ ഉറപ്പാക്കി അമേരിക്ക; ചരിത്രത്തിലെ ഏറ്റവും വലിയ കരാറിലാണ് ഒപ്പു വച്ചതെന്ന് ട്രംപ്

പകര ചുങ്കം ഒഴിവാക്കി കരാർ ധാരണയിലെത്താൻ ട്രംപ് നൽകിയ അന്ത്യ ശാസനമായ ഓഗസ്റ്റ് 1 അടുത്തു വരുമ്പോൾ കൂടുതൽ രാജ്യങ്ങളുമായി ധാരണയിലെത്തിനുള്ള ശ്രമത്തിലാണ് അമേരിക്ക. കരാർ ധാരണയാകാൻ ഒരു തവണ കൂടി സമയം അനുവദിച്ചിട്ടും കൂടുതൽ രാജ്യങ്ങൾ കരാറിലേക്കെത്തുന്നില്ലെങ്കിൽ അത് നാണക്കേടാകുമെന്ന വിലയിരുത്തലിലാണ് അമേരിക്ക. ജപ്പാനുമായി കരാർ ധാരണയായ വിവരം ട്രംപ് ട്രൂത്ത് സോഷ്യലിലൂടെയാണ് അറിയിച്ചത്. അമേരിക്കൻ ഓട്ടോമൊബൈൽ ഇറക്കുമതിക്കും കാർഷിക ഇറക്കുമതിക്കും ജപ്പാൻ തുറന്നുകൊടുക്കുമെന്ന് കരാറിലുണ്ടെന്നാണ് ട്രൂത്ത് സോഷ്യൽ പോസ്റ്റ്. അമേരിക്കയിൽ 550 ബില്യൺ ഡോളറിന്റെ നിക്ഷേപം ജപ്പാൻ നടത്തുമെന്നും ട്രംപ് പറയുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര കരാറിലാണ് ഒപ്പുവച്ചതെന്നാണ് പോസ്റ്റ്. കരാറിനെക്കുറിച്ച് കൂടുതൽ വ്യക്തതയില്ല.അലാസ്കയിൽ നിന്ന് ദ്രവീകൃത പ്രകൃതി വാതകം കയറ്റുമതി ചെയ്യാൻ ജപ്പാനുമായി പ്രത്യേക കരാർ ഒപ്പുവക്കുമെന്ന് റിപ്പബ്ലിക്കൻ പ്രതിനിധികളെ വൈറ്റ് ഹൗസിൽ അഭിസംബോധന ചെയ്യവേ ട്രംപ് പറഞ്ഞു. വാർത്തയെത്തുടർന്ന് ടോക്യോ വിപണിയിലെ വ്യാപാരത്തുടക്കത്തിൽ യെൻ മൂല്യത്തിൽ ചാഞ്ചാട്ടം ഉണ്ടായി, ജാപ്പനീസ് ഓഹരികളും യുഎസ് ഇക്വിറ്റി ഫ്യൂച്ചറുകളും ഉയർന്നു. ഫിലിപ്പീൻസുമായി ഒരു കരാറിലെത്തിയതായി ട്രംപ് പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ജപ്പാനുമായുള്ള കരാർ വരുന്നത്. യൂറോപ്യൻ യൂണിയൻ, ഇന്ത്യ എന്നിവയുൾപ്പെടെയുള്ള പ്രധാന സമ്പദ്‌വ്യവസ്ഥകളുമായി കരാർ ചർച്ചകൾ തുടരുകയാണ്.ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകളിൽ വാഹന വ്യാപാരമായിരുന്നു പ്രതിസന്ധി. യുഎസ് ഫെഡറൽ മോട്ടോർ വാഹന സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി നിർമ്മിച്ച കാറുകൾ ഇറക്കുമതി ചെയ്യുകയെന്ന വ്യവസ്ഥ സ്വീകരിക്കാൻ ജപ്പാനെയും മറ്റ് രാജ്യങ്ങളെയും നിർബന്ധിക്കുന്നതിലൂടെ യുഎസ് സമ്മർദ്ദത്തിലാക്കുന്നുവെന്ന് വിമർശനമുണ്ട്. ഓട്ടോകൾക്കും ഓട്ടോ പാർട്‌സുകൾക്കും നിലവിലുള്ള ട്രംപിന്റെ 25% ലെവികളിൽ നിന്ന് ഇളവുകൾ നൽകണമെന്ന് ജപ്പാനിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ ആവശ്യപ്പെടുന്നു.