42 ടോള്‍ പ്ലാസകളില്‍ തട്ടിപ്പ് കണ്ടെത്തി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ; ഏജൻസികളില്‍ നിന്നും 100 കോടി രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് കണ്ടുകെട്ടി

ഇന്ത്യയില്‍ ഉടനീളം ഉള്ള വിവിധ ടോള്‍ പ്ലാസകളില്‍ തട്ടിപ്പ് നടക്കുന്നതായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ കണ്ടെത്തി
റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം രൂപീകരിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ NHAI ടോള്‍ തട്ടിപ്പില്‍ നടപടികള്‍ ആരംഭിച്ചു. 42 ലധികം ടോള്‍ പ്ലാസകളില്‍ നിയമവിരുദ്ധമായ ടോള്‍ പിരിവ് നടക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. സംഭവത്തില്‍ ടോള്‍ പിരിവിനായി കരാറെടുത്ത 14 ഏജൻസികള്‍ക്കെതിരെ NHAI നടപടി സ്വീകരിച്ചിട്ടുണ്ട്.14 ഏജൻസികളെ രണ്ട് വർഷത്തേക്ക് വിലക്കുകയും ഏകദേശം 100 കോടി രൂപയുടെ സുരക്ഷാ നിക്ഷേപം പിടിച്ചെടുക്കുകയും ചെയ്തു. വ്യാജ സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് ഇവർ ടോള്‍ തട്ടിപ്പ് നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുള്ളത്. കരാർ ഏജൻസികളിലെ ജീവനക്കാർ വ്യാജ സോഫ്റ്റ്വെയർ ഉപയോഗിച്ച് ഫാസ്ടാഗ് ഇല്ലാത്തതോ നിരോധിത ഫാസ്ടാഗ് ഉള്ളതോ ആയ വാഹനങ്ങളില്‍ നിന്ന് ടോള്‍ പ്ലാസകള്‍ വഴി നിയമവിരുദ്ധമായി പണം പിരിച്ചെടുക്കുകയായിരുന്നു.ടോള്‍ പ്ലാസകളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ പരിശോധിക്കുന്നതിനായി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം മൂന്നംഗ അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. തുടർനടപടികളുടെ ഭാഗമായി കൃത്യമായ ഡാറ്റ ശേഖരിക്കുന്നതിനായി, പ്രധാന ടോള്‍ പ്ലാസകളില്‍ AI ഓഡിറ്റ് ക്യാമറകള്‍ സ്ഥാപിക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. തെറ്റായ ടോള്‍ പിരിവ് കേസുകളില്‍ ബന്ധപ്പെട്ട ഏജൻസികള്‍ക്ക് ഇതുവരെ രണ്ട് കോടിയിലധികം രൂപ പിഴ ചുമത്തിയിട്ടുണ്ടെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പാർലമെന്റില്‍ അറിയിച്ചിട്ടുണ്ട്.