ഇനി കേരളത്തിലേക്ക് ഇല്ല; മൂന്നാറിൽ ടാക്‌സി ഡ്രൈവർമാർ ഭീഷണിപ്പെടുത്തിയെന്ന് മുംബൈ സ്വദേശിനി;കേസെടുത്ത് പൊലീസ്

ഇടുക്കി: മൂന്നാറിൽ വെച്ച് ടാക്സി ഡ്രൈവർമാരിൽ നിന്നും ദുരനുഭവം നേരിട്ടതായി മുംബൈ സ്വദേശിനി. ഊബർ വാഹനം വിളിച്ച് യാത്ര ചെയ്യാൻ ശ്രമിച്ചപ്പോൾ മൂന്നാറിലെ ടാക്സി ഡ്രൈവർമാർ ഭീഷണിപ്പെടുത്തിയെന്നാണ് യുവതിയുടെ ആരോപണം. മുംബൈ സ്വദേശിനി ജാൻവിയാണ് ദുരനുഭവം സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. സംഭവത്തിൽ ഡ്രൈവർമാർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് നടപടി.ഇക്കഴിഞ്ഞ ഒക്ടോബർ 30നാണ് കേസിനാസ്പദമായ സംഭവം. ജാൻവി മുംബൈയിൽ അസി. പ്രൊഫസറായി ജോലി ചെയ്യുകയാണ്. കൂട്ടുകാരുമൊത്ത് അവധിക്കാലം ആഘോഷിക്കാനാണ് യുവതി മൂന്നാറിലെത്തിയത്. കേരളത്തിൽ കൊച്ചിയിലും ആലപ്പുഴയിലും പോയിരുന്നു. അവിടെയുളളവർ മര്യാദയോടെയാണ് പെരുമാറിയത്. മൂന്നാറിൽ എത്തി യാത്രചെയ്യാനായി ഊബർ ടാക്സി വിളിച്ചു. എന്നാൽ മൂന്നാറിലെ ഡ്രൈവർമാർ ശ്രമം തടഞ്ഞതായും ഭീഷണിപ്പെടുത്തിയതായും യുവതി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.



