എലപ്പുള്ളി ബ്രൂവറി; ഒയാസിസ് കമ്പനിക്ക് വെള്ളം അനുവദിച്ച് സിപിഐഎം ഭരിക്കുന്ന പുതുശ്ശേരി പഞ്ചായത്ത്

കോണ്‍ഗ്രസ്, ബിജെപി അംഗങ്ങളുടെ എതിര്‍പ്പ് വോട്ടെടുപ്പിലൂടെ മറികടന്നാണ് പഞ്ചായത്ത് ഭരണസമിതി കമ്പനിക്ക് വെള്ളം നല്‍കുന്നത്
പാലക്കാട്: എലപ്പുള്ളിയില്‍ ഒയാസിസ് കമ്പനിക്ക് കെട്ടിട നിര്‍മ്മാണത്തിന് വെള്ളം അനുവദിച്ച് സിപിഐഎം ഭരിക്കുന്ന പുതുശ്ശേരി പഞ്ചായത്ത്. കോണ്‍ഗ്രസ്, ബിജെപി അംഗങ്ങളുടെ എതിര്‍പ്പ് വോട്ടെടുപ്പിലൂടെ മറികടന്നാണ് പഞ്ചായത്ത് ഭരണസമിതി കമ്പനിക്ക് വെള്ളം നല്‍കുന്നത്. കെട്ടിട നിര്‍മ്മാണത്തിന് ആവശ്യമായ മുഴുവന്‍ വെള്ളവും വാളയാര്‍-കോരയാര്‍ പുഴയില്‍ നിന്നും നല്‍കാനാണ് തീരുമാനം.
ഇന്നലെ ചേര്‍ന്ന ഭരണസമിതി യോഗത്തിലായിരുന്നു കെട്ടിട നിര്‍മ്മാണത്തിന് വെള്ളം ആവശ്യപ്പെട്ടുകൊണ്ടുള്ള കമ്പനിയുടെ കത്ത് ചര്‍ച്ചയ്‌ക്കെടുത്തത്. കൃഷിക്കും ശുദ്ധജലത്തിനും ഉപയോഗിക്കുന്ന പുഴയില്‍ നിന്ന് കമ്പനി നിര്‍മ്മാണത്തിന് വെള്ളം നല്‍കരുതെന്ന് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടു. തര്‍ക്കമായതോടെ വിഷയം വോട്ടെടുപ്പിലേക്ക് നീങ്ങി.
ണ്ട് സ്വതന്ത്രര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ കമ്പനിക്ക് വെള്ളം നല്‍കുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തു. അതേസമയം, കമ്പനിക്ക് വെള്ളം നല്‍കിയാല്‍ ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസും ബിജെപിയും വ്യക്തമാക്കി. ഒയാസിസ് കമ്പനിക്ക് മദ്യ നിര്‍മ്മാണശാലയുടെ കെട്ടിടം നിര്‍മ്മിക്കാന്‍ ഇതുവരെയും എലപ്പുള്ളി പഞ്ചായത്ത് അനുമതി നല്‍കിയിട്ടില്ല
എലപ്പുള്ളിയില്‍ ബ്രൂവറി നിര്‍മാണവുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉടലെടുത്തിരുന്നു. പ്രതിപക്ഷമുള്‍പ്പടെ വിഷയത്തില്‍ വ്യാപക പ്രതിഷേധമുയര്‍ത്തി. പ്ലാന്റിനെതിരെ എല്‍ഡിഎഫിലെ ഘടകകക്ഷികളും വിമര്‍ശനം ഉന്നയിച്ചിരുന്നു. ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നതും കൃഷിയെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന പദ്ധതികള്‍ സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നായിരുന്നു ഉയര്‍ന്ന പ്രധാന വിമര്‍ശനം. ജനങ്ങളുടെ താത്പര്യങ്ങള്‍ക്ക് നിരക്കാത്ത പദ്ധതികള്‍ ശ്രദ്ധയില്‍പ്പെടുമ്പോള്‍ അത് പരിശോധിക്കുന്നതിനും തിരുത്തുന്നതിനും തയ്യാറാകണമെന്ന് സിപിഐ മുഖപത്രമായ ജനയുഗം ആവശ്യപ്പെട്ടിരുന്നു.



