KPCC പുനഃസംഘടനയിൽ അതൃപ്തിയിൽ നേതാക്കൾ; ചാണ്ടി ഉമ്മൻ കട്ടക്കലിപ്പിൽ; കോൺഗ്രസിൽ തൃപ്തരായി ആരുണ്ട്?

കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിൽ ഭാരവാഹി നിർണയം കോൺഗ്രസിൽ കലാപങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിച്ചതിനെ തുടർന്നുണ്ടായ അഭിപ്രായ ഭിന്നതകൾ രൂക്ഷമായിരിക്കെയാണ് കോൺഗ്രസ് നേതൃത്വത്തിന് തലവേദനയായി കെ പി സി സി പുനഃസംഘടനമാറുന്നത്. ജംബോ കമ്മിറ്റിയിൽ പോലും പേരുൾപ്പെടാത്തതിനെ ചൊല്ലിയാണ് നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഒരു പ്രധാന പരാതിക്കാരൻ. തൊട്ടു പിന്നാലെ വലിയ പരാതിയുമായി എത്തിയിരിക്കയാണ് ചാണ്ടി ഉമ്മൻ എം എൽ എ. കലാപം അവിടെയും അവസാനിക്കുന്നില്ല. എ ഐ സി സിയുടെ മാധ്യമ വക്താക്കളിൽ ഒരാളായ ഡോ.ഷമ മുഹമ്മദാണ് പ്രതിഷേധവുമായി രംഗത്തുവന്ന ഒരു വനിതാ നേതാവ്.ചാണ്ടി ഉമ്മനെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കോ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കോ പരിഗണിക്കണമായിരുന്നു എന്നാണ് ഒരുവിഭാഗം നേതാക്കളുടെ അഭിപ്രായം. യൂത്ത് കോൺഗ്രസ് നേരത്തെ നൽകിയ പദവിയിൽ നിന്നും മാറ്റിനിർത്തിയതിലുള്ള പ്രതിഷേധം കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മൻ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പ് കാലത്ത് ചാണ്ടി ഉമ്മൻ സംസ്ഥാന കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു. നേതൃത്വം പരിഗണിക്കുന്നില്ലെന്ന പരാതിയുന്നയിച്ച ചാണ്ടി ഉമ്മൻ പ്രതിഷേധം പിന്നീട് മയപ്പെടുത്തി. പുനഃസംഘടനയിൽ വീണ്ടും അവഗണന നേരിട്ട സാഹചര്യത്തിൽ പ്രതിഷേധം കടുപ്പിക്കാനുള്ള നീക്കത്തിലാണ് ചാണ്ടി ഉമ്മൻ.പ്രതിഷേധ സമരങ്ങളിൽ തല്ലുകൊള്ളുകയും, ജയിലിൽപോവുകയും, പരിക്കേൽക്കുകയും ചെയ്ത നിരവധി നേതാക്കളെ പുനഃസംഘടന വേളയിൽ അവഗണിച്ചത് ശരിയായില്ലെന്നായിരുന്നു വി ഡി സതീശന്റെ ആരോപണം. പ്രതിപക്ഷനേതാവിന്റെ ഈ ആരോപണത്തിന് പിന്നിൽ വ്യക്തമായ ചില ലക്ഷ്യമുണ്ടെന്നാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ വിലയിരുത്തുന്നത്. സംഘടനാ ചുമതലയുള്ള എ ഐ സി സി ജന.സെക്രട്ടറി കെ സി വേണുഗോപാൽ സംസ്ഥാന രാഷ്ട്രീയത്തിൽ കൂടുതൽ ഇടപെടുന്നതിലുള്ള അസ്വസ്ഥതകൂടിയാണ് വി ഡി സതീശന്റെ പ്രതികരണത്തിൽ മറഞ്ഞിരിക്കുന്നത്. ഒളിഞ്ഞും തെളിഞ്ഞും എ ഐ സി സിയുടെ പ്രഖ്യാപനത്തിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയ നേതാക്കൾക്കെല്ലാം വ്യക്തിപരവും ഗ്രൂപ്പു താല്പര്യവുമാണെന്ന് വ്യക്തമാണ്. എന്നാൽ ഒറ്റക്കെട്ടായി നിൽക്കാൻ ആഹ്വാനം ചെയ്യുന്നവർപോലും പുനഃസംഘടനയിൽ അസ്വസ്ഥരാണ്.2026 ലെ തിരഞ്ഞെടുപ്പിൽ വിജയിക്കുകയെന്ന ലക്ഷ്യം മാത്രമാണ് ഹൈക്കമാൻഡിനുള്ളത്. അടുത്ത തവണ ഭരണം ലഭിച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസം തിരഞ്ഞെടുക്കുമെന്ന് പ്രഖ്യാപിച്ച നേതാവാണ് വി ഡി സതീശൻ, എന്നിട്ടും ഒറ്റക്കെട്ടായി നിൽക്കാൻ നേതാക്കൾക്ക് കഴിയാത്തതിൽ അസ്വസ്ഥരാണ് ഭൂരപക്ഷം പ്രവർത്തകരും. ലനേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നതയും, ഗ്രൂപ്പു മാനേജർമാരുടെ താല്പര്യങ്ങളും പരിഗണിക്കപ്പെടാതെ വന്നതോടെ പുനഃസംഘടനയുമായി നേതാക്കൾ സഹകരിക്കാതെ വരികയായിരുന്നു.ഇതോടെ പുനഃസംഘടനാ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ കഴിയാതെ വരികയായിരുന്നു. കെ പി സി സി സമർപ്പിച്ച പട്ടിക ചുരുക്കണമെന്നായിരുന്നു ഹൈക്കമാൻഡ് മുന്നോട്ടുവച്ച നിർദേശം. എന്നാൽ ഗ്രൂപ്പു സമവാക്യങ്ങൾ എല്ലാം പരിഹരിച്ചുപോവാൻ ജംബോ കമ്മിറ്റി മാത്രമാണ് ഏക പോംവഴിയെന്നായിരുന്നു കെ പി സി സി അധ്യക്ഷന്റെ നിലപാട്. ഡി സി സി പുനഃസംഘടനയ്‌ക്കൊപ്പം കെ പി സി സി ഭാരവാഹികളെ പ്രഖ്യാപിക്കാൻ ധാരണയായെങ്കിലും ഇതും ചില നേതാക്കളുടെ പിടിവാശിമൂലം നടത്തിയെടുക്കാൻ കഴിഞ്ഞില്ലഭാരവാഹികളെ കുത്തിനിറച്ചുള്ള പട്ടിക ആദ്യം തിരിച്ചയച്ച ഹൈക്കമാൻഡ് മറ്റുവഴികളില്ലാത്ത സാഹചര്യത്തിൽ ജംബോ കമ്മിറ്റിക്ക് അംഗീകാരം നൽകുകയായിരുന്നു. തിരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായാണ് പുനഃസംഘടന പ്രഖ്യാപിച്ചത്. എന്നാൽ ഗ്രൂപ്പുസമവാക്യങ്ങൾ കൃത്യമായി പാലിച്ചുവേണം ഭാരവാഹികളെ തീരുമാനിക്കണമെന്ന നിർദേശമാണ് എ ഐ സി സി നേതൃത്വത്തിന് മുന്നിൽ കെ പി സി സി മുന്നോട്ടു വച്ചത്. പുനഃസംഘടന ഇനിയും വൈകിയാൽ തിരിച്ചടിയാവുമെന്ന ഘട്ടത്തിലാണ് പുനഃസംഘടന ഉടൻ പൂർത്തീകരിക്കാൻ ഹൈക്കമാന്റ് നേതൃത്വം നിർദേശം നൽകിയത്.രണ്ടും കൽപ്പിച്ചാണ് എ ഐ സി സി പുനഃസംഘടനയുടെ രണ്ടാം ഘട്ടത്തിലേക്ക് കടന്നത്. കെ പി സി സി നേരത്തെ നൽകിയ ജംബോ പട്ടികയ്ക്ക് തൽക്കാലം പച്ചക്കൊടി കാണിക്കാൻ തീരുമാനിച്ചതും മറ്റുവഴികളില്ലാത്ത സാഹചര്യത്തിലാണ്. എല്ലാ നേതാക്കളുടെയും നിർദേശങ്ങൾ പരിഗണിച്ച് മുന്നോട്ടു പോവാൻ തീരുമാനിച്ചതോടെ പട്ടിക പിന്നെയും വലുതായി. യൂത്ത് കോൺഗ്രസ് ഭാരവാഹികളെ പ്രഖ്യപിച്ചതോടെ അകൽച്ചയിലായ രമേശ് ചെന്നിത്തലയെ കൂടുതൽ പരിഗണിച്ച് പ്രശ്‌നം പരിഹരിക്കാൻ എ ഐ സി സി നടത്തിയ ശ്രമം ഒടുവിൽ വിജയം കണ്ടെങ്കിലും, വി ഡി സതീശന്റെ പ്രതിഷേധം കല്ലുകടിയായി.
കേരളത്തിലെ കോൺഗ്രസ് തിരിച്ചുവരവിന്റെ വഴിയിലാണെന്നു പറയുമ്പോഴും ഗ്രൂപ്പിസവും തമ്മിൽ തല്ലും അഭിപ്രായ ഭിന്നതയും വർധിക്കുകയാണ്. സ്ഥാനമാനങ്ങളും പാർട്ടിയിൽ അധികാരവും ലഭിച്ചവർക്കൊഴികെ മറ്റെല്ലാനേതാക്കളും അതൃപ്തരായി മാറുന്ന പ്രവണതയാണ് കോൺഗ്രസിൽ ഉടലെടുത്തിരിക്കുന്നത്.



