MDMAയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല, എനിക്ക് മാനേജർ ഇല്ല; ഒരിക്കലും ഉണ്ടായിട്ടുമില്ല’: ഉണ്ണി മുകുന്ദൻ

സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ പ്രതികരണവുമായി ഉണ്ണി മുകുന്ദൻ. തന്നെ പ്രതിനിധീകരിക്കുന്ന ഒരു പേഴ്സനൽ മാനേജർ ഇല്ലെന്നും, ഒരിക്കലും ഉണ്ടായിട്ടില്ലെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കുന്നു. കൊച്ചിയിൽ യൂടൂബർ എം.ഡി.എം.എയുമായി ഡാൻസാഫ് സംഘത്തിന്റെ പിടിയിലായ റിൻസി തന്റെ മാനേജരെന്ന് രീതിയിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് നടൻ ഉണ്ണി മുകുന്ദൻ പറഞ്ഞു.തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും നടൻ ഫേസ്ബുക്കിൽ കുറിച്ചു. എല്ലാ ഔദ്യോഗിക ആശയവിനിമയങ്ങളും, സഹകരണങ്ങളും, പ്രൊഫഷനൽ കാര്യങ്ങളും താൻ നേരിട്ടോ അല്ലെങ്കിൽ സ്വന്തം നിർമ്മാണ കമ്പനിയായ യുഎംഎഫ് വഴിയോ ആണ് കൈകാര്യം ചെയ്യുന്നതെന്നും താരം പറഞ്ഞു.തന്നെക്കുറിച്ച് തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വ്യക്തികളോടും പ്ലാറ്റ്‌ഫോമുകളോടും മാറി നിൽക്കണമെന്ന് ശക്തമായി അഭ്യർഥിക്കുന്നു. അത്തരം തെറ്റായ അവകാശവാദങ്ങൾ പ്രചരിപ്പിക്കുന്നത് തുടരുന്നതു കണ്ടാൽ അവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും താരം വെളിപ്പെടുത്തി.’ – ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 22.5 ഗ്രാം MDMA യുമായി ഇന്നലെയാണ് യൂടൂബർ റിൻസിയും സുഹൃത്തും കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് പിടിയിലായത്.