ചേർത്തലയിൽ കൊലപാതക പരമ്പര? മൂന്ന് തിരോധാന കേസുകളിൽ സെബാസ്റ്റ്യന് പങ്ക്

ചേർത്തലയിൽ ധർമസ്ഥല മോഡൽ കൊലപാതക പരമ്പരയെന്ന് സംശയം. സെബാസ്റ്റ്യൻ എന്നയാളുടെ വീട്ടിൽ നിന്ന് അസ്ഥികൾ കണ്ടെത്തിയതിൽ തുടങ്ങിയ അന്വേഷണമാണ് ജൈനമ്മ, ബിന്ദു, ഐഷാ എന്നീ സ്ത്രീകളുടെ തിരോധാനത്തിലേക്ക് വിരൽ ചൂണ്ടിയത്. മൂന്ന് കേസുകളിലും സെബാസ്റ്റ്യന് പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം. കാണാതായ ജൈനമ്മ കൊല്ലപ്പെട്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിരിക്കുകയാണ് ഇപ്പോൾ.
സെബാസ്റ്റ്യന്റെ വീട്ടിൽ കണ്ടെത്തിയ ക്ലിപ്പിട്ട പല്ല് ഐഷയുടേതിന് സമാനമെന്ന് സുഹൃത്ത്. മൂന്ന് കേസിലും അന്വേഷണം ഏകോപിപ്പിക്കണമെന്ന് നാട്ടുകാർ. 2012ൽ കാണാതായ ചേർത്തല സ്വദേശിനി ബിന്ദു പത്മനാഭനുമായി ബന്ധപ്പെട്ട അന്വേഷണമാണ് കോട്ടയം സ്വദേശിയായ ജയ്‌നമ്മയുടെ തിരോധാനക്കേസിലെത്തിയത്. പിന്നീട് കേസിൽ സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഇതിനുശേഷം ഇപ്പോൾ ഇതേ പ്രതിയ്ക്ക് ഐഷാ തിരോധനകേസുമായും ബന്ധമുണ്ടെന്ന വിവരം ക്രൈംബ്രാഞ്ചിന് ലഭിച്ചു.
2012ലാണ് ഐഷായെ കാണാതായത്. 2010നും 2012നും ഇടയിലാണ് മൂന്ന് സ്ത്രീകളേയും കാണാതായത്. ബിന്ദു പത്മാനഭന് സെബാസ്റ്റ്യാനുമായി അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇരുവരും സ്ഥല കച്ചവടം നടത്തിയിട്ടുണ്ട്. ബിന്ദുവിന്റെ പേരിൽ എറണാകുളം ഇടപ്പള്ളിയിൽ ഉണ്ടായിരുന്ന സ്ഥലം വ്യാജ രേഖ ചമച്ച് സെബാസ്റ്റ്യൻ തട്ടിയെടുത്തതായി ഒരു കേസുണ്ട്. നിലവിൽ കോട്ടയം ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ് പ്രതിയുള്ളത്.
ജൈനമ്മയെ പാലയിലെ ഒരു ധ്യാന കേന്ദ്രത്തിൽ വെച്ചാണ് സെബാസ്റ്റ്യൻ പരിചയപ്പെട്ടത്. ഇതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു. ജൈനമ്മയുമായി ബന്ധപ്പെട്ടും ഇയാൾ സ്ഥലമിടപാട് നടത്തിയിരുന്നു. കൂടാതെ ജൈനമ്മയുടെ സ്വർണം സെബാസ്റ്റ്യൻ വിൽപന നടത്തിയിരുന്നു. ഈ സ്വർണം ഇന്ന് കണ്ടെത്തിയിട്ടുണ്ട്. ഐഷയുമായും സെബാസ്റ്റ്യനെ ബന്ധിപ്പിക്കുന്നത് സ്ഥലമിടപാട് തന്നെയാണ്. ഐഷയുടെ പക്കൽ നിന്ന് പണം തട്ടിയെടുത്തുവെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ച് സ്വത്ത് തട്ടിയെടുക്കുന്ന രീതിയാണ് സെബാസ്റ്റ്യൻ ചെയ്തുവന്നിരുന്നതെന്നാണ് നിലവിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘത്തിന്റെ നിഗമനം.