dummy_ads1-01
dummy_ads1-01
previous arrow
next arrow
News
Trending

പി പി ദിവ്യയ്ക്ക് തിരിച്ചടി: മുന്‍കൂർ ജാമ്യം ഇല്ല, അപേക്ഷ തള്ളി

കണ്ണൂർ: പി പി ദിവ്യയ്ക്ക് മുന്‍കൂർ ജാമ്യമില്ല. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ഒറ്റവാക്കിലായിരുന്നു കോടതി ഉത്തരവ്. ആത്മഹത്യാപ്രേരണക്കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താന്‍ തക്ക പ്രവര്‍ത്തി താന്‍ ചെയ്തിട്ടില്ലെന്നായിരുന്നു ദിവ്യയുടെ പ്രധാന വാദം. ഏതു ഉപാധികളും അംഗീകരിക്കാം എന്നും സ്ത്രീയെന്ന പരിഗണന നല്‍കി മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും ദിവ്യ കോടതിയില്‍ അപേക്ഷിച്ചിരുന്നു. പ്രോസിക്യൂഷനും നവീന്‍ ബാബുവിന്റെ കുടുംബ അഭിഭാഷകനും ദിവ്യയുടെ വാദങ്ങളെ കോടതിയില്‍ എതിര്‍ത്തിരുന്നു.കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യക്കെതിരെ പൊലീസ് കേസെടുത്തത്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ എത്തിയായിരുന്നു ദിവ്യ ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെ താമസ സ്ഥലത്തേക്ക് മടങ്ങിയ നവീന്‍ ബാബു ജീവനൊടുക്കുകയായിരുന്നു.ദിവ്യയുടെയും നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെയും പ്രോസിക്യൂഷന്റെയും പരാതിക്കാരനായ ഗംഗാധരന്റെയും വാദങ്ങള്‍ കേട്ടതിന് ശേഷമായിരുന്നു കോടതി വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. വ്യക്തിഹത്യയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അജിത് കുമാര്‍ വാദിച്ചു. ക്ഷണിച്ചില്ലെന്ന് കളക്ടര്‍ പറഞ്ഞിട്ടുണ്ടെന്നും വഴിയെ പോകുന്നതിനിടെയാണ് പരിപാടിയില്‍ പങ്കെടുത്തതെന്ന് ദിവ്യ പ്രസംഗത്തില്‍ പറഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.ദിവ്യയ്‌ക്കെതിരായ ആരോപണങ്ങള്‍ ശരിവെക്കുന്ന മൊഴികളായിരുന്നു പൊലീസിന് ലഭിച്ചതും. ആരും ക്ഷണിക്കാതെയാണ് ദിവ്യ യാത്രയയപ്പ് ചടങ്ങിലെത്തിയതെന്ന് കളക്ടര്‍ അടക്കം മൊഴി നല്‍കി. എഡിഎമ്മിനെ സമ്മര്‍ദ്ദത്തിലാക്കുന്ന ഭീഷണിയുടെ സ്വരത്തിലുള്ള പ്രയോഗങ്ങളാണ് ദിവ്യ യോഗത്തില്‍ നടത്തിയത്. രണ്ട് ദിവസത്തിനകം കാണാം എന്ന് പറഞ്ഞത് ഭീഷണിയാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.സത്യസന്ധനായ ഉദ്യോഗസ്ഥന് താങ്ങാനാവാത്ത പ്രയാസമാണുണ്ടായതെന്നും സംഭവത്തിന് ശേഷവും അദ്ദേഹത്തെ താറടിച്ച് കാണിക്കുന്നുവെന്നും കുടുംബവും വാദിച്ചു. വിജിലന്‍സ് അന്വേഷണം ആരംഭിച്ചു എന്നത് തെറ്റാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നല്‍കിയ പരാതിയില്‍ പേര് വ്യത്യസ്തമാണ്. ഒപ്പും വ്യാജമാണ്. മരണത്തിന് ശേഷം തയ്യാറാക്കിയ പരാതിയാണിത്. പരാതി ശ്രദ്ധയില്‍പ്പെട്ടാല്‍ പെട്ടെന്ന് തന്നെ വിജിലന്‍സിനോട് പറയണമായിരുന്നു. ചാനലുകാരെ വിളിച്ചു വരുത്തി പറയാന്‍ പാടില്ലായിരുന്നു’, കുടുംബം വാദിച്ചു.പെട്രോള്‍ പമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പരിധിയില്‍ ഉള്ള വിഷയമല്ലെന്നും പിന്നെ എന്തിനാണ് വിളിച്ചതെന്നും കുടുംബം ചോദിക്കുന്നു. പ്രശാന്തനും ദിവ്യയും തമ്മില്‍ ദുരൂഹമായ ബന്ധമുണ്ട്. ദിവ്യ വരുമ്പോള്‍ അദ്ദേഹം സന്തോഷവാന്‍ ആയിരുന്നെന്നും പിന്നീടാണ് മുഖം മാറിയതെന്നും കുടുംബം ചൂണ്ടിക്കാട്ടി.എന്നാല്‍ കളക്ടറും ദിവ്യയും തമ്മില്‍ സംസാരിച്ചെന്ന് പ്രോസിക്യൂട്ടര്‍ സമ്മതിച്ചല്ലോയെന്നും എന്താണ് സംസാരിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തട്ടെയെന്നും ദിവ്യയുടെ അഭിഭാഷകനും വാദിച്ചു. കണ്ണില്‍ നിന്ന് ചോരയാണ് വീണത് എന്ന് ഗംഗാധരന്‍ പറഞ്ഞിട്ടുണ്ടെന്നും ജാമ്യം ലഭിച്ചാല്‍ ദിവ്യ എപ്പോള്‍ വേണമെങ്കിലും ഹാജരാകാന്‍ തയ്യാറാണെന്നും അഭിഭാഷകന്‍ വാദിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button