അണ്ടൂർക്കോണം പിഎച്ച്സിയിൽ ഓട്ടിസം ബാധിച്ച യുവാവിന് മരുന്ന് മാറി നൽകിയ സംഭവം: ഫാർമസിസ്റ്റിനെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: അണ്ടൂർക്കോണം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും ഓട്ടിസം ബാധിച്ച യുവാവിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നടപടിയെടുത്ത് ആരോഗ്യവകുപ്പ്. ഫാർമസിസ്റ്റ് ഷിജിലയെ സസ്പെൻഡ് ചെയ്തു. ഡിഎംഒ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയിരുന്നു. പിന്നാലെയാണ് ആരോഗ്യവകുപ്പിന്റെ നടപടി.അണ്ടൂര്‍ക്കോണം സ്വദേശി ഇരുപത്തിയാറുകാരനായ അംബരീഷിന് ആണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും മരുന്ന് മാറി നൽകിയത്. അപസ്മാരത്തിനുള്ള മരുന്നിന് പകരം മനോരോഗത്തിനുള്ള മരുന്നാണ് ഫാർമസിസ്റ്റ് ഷിജില നല്‍കിയത്. വര്‍ഷങ്ങളായി അപസ്മാരത്തിന് മരുന്ന് കഴിക്കുന്ന അംബരീഷ് ഓരോ മാസവും സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും മരുന്ന് വാങ്ങുമായിരുന്നു. ഫാര്‍മസിയില്‍ നിന്നും അപസ്മാരത്തിനുള്ള ‘ക്ലോബാസം’ എന്ന മരുന്നിന് പകരം ‘ക്ലോസാപ്പൈന്’ എന്ന മരുന്നാണ് മാറി നൽകിയത്. ഈ മരുന്ന് രണ്ടുതവണ യുവാവ് കഴിക്കുകയും ചെയ്തു. പിന്നാലെയാണ് ആരോഗ്യ നില വഷളായത്.യുവാവിൻ്റെ ബന്ധുക്കളുടെ പരാതിയിൽ പോത്തൻകോട് പൊലീസ് ഫാർമസിസ്റ്റ് ഷിജിലക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. സംഭവത്തില്‍ ഗുരുതര അനാസ്ഥയുണ്ടായെന്ന് സമ്മതിച്ച ആരോഗ്യവകുപ്പ്, വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തുന്നതിനായി ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തുകയും ചെയ്തു. ഡിഎംഒ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതിന് പിന്നാലെയാണ് ഫാർമസിസ്റ്റിനെ സസ്പെൻഡ് ചെയ്തു കൊണ്ടുള്ള ആരോഗ്യവകുപ്പിന്റെ നടപടി. മരുന്നു മാറിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവാവ് ഐസിയുവിൽ തുടരുകയാണ്. യുവാവിന്റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.



