dummy_ads1-01
dummy_ads1-01
previous arrow
next arrow
News

‘എച്ച് എം ആക്ട്സ്’ പൊലീസിൽ പുതിയ സംവിധാനം; ആഭ്യന്തരമന്ത്രിക്ക് നൽകുന്ന പരാതികളിൽ ഇനി നടപടി വേഗത്തിലാകും

തിരുവനന്തപുരം: ആഭ്യന്തരമന്ത്രിക്ക് നൽകുന്ന പരാതികളിൽ നടപടി വേഗത്തിലാക്കാൻ കേരള പൊലീസിൽ പുതിയ സംവിധാനം. ‘എച്ച് എം ആക്ട്സ്’ (HM Acts) എന്ന പേരിൽ തയ്യാറാക്കിയ ഡിജിറ്റൽ പെറ്റിഷൻ മാനേജ്മെന്‍റ് സിസ്റ്റം വഴി പരാതികൾ രേഖപ്പെടുത്താനും തുട‍ർ നടപടികൾക്കായി ബന്ധപ്പെട്ട ഓഫീസുകളിലേക്ക് അയക്കാനും കഴിയും. പരാതികളിൽ സ്വീകരിച്ച നടപടികൾ നിരീക്ഷിക്കാനും വിവരം പരാതിക്കാരനെ അറിയിക്കാനും സംവിധാനമുണ്ടാകും.അടിയന്തര നടപടി വേണ്ട പരാതികളിൽ മന്ത്രിയുടെ ഓഫീസിൽ നിന്ന് നിർദേശം രേഖപ്പെടുത്താനും കഴിയും. സംസ്ഥാനത്തെ പ്രധാന കുറ്റകൃത്യങ്ങളുടെ സ്ഥിതിവിവരക്കണക്കുകളും അടിയന്തര ശ്രദ്ധ ആവശ്യമായ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അറിയിപ്പുകളും ആഭ്യന്തരമന്ത്രിക്കും വകുപ്പിനും തത്സമയം ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് ഹോംസ് (HOMeS). ഇതിനായി പ്രത്യേക ഡാഷ്‌ബോർഡ് സജ്ജീകരിച്ചിട്ടുണ്ട്.കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ ലഭ്യമാക്കുമ്പോഴും അന്വേഷണത്തിൽ ഇടപെടാത്ത രീതിയിലാണ് സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്. രഹസ്യവിവരങ്ങളും വ്യക്തിഗത വിവരങ്ങളും സുരക്ഷിതമായി നിലനിർത്തും. കേരള പൊലീസിന്റെ ഡിജിറ്റൽ വിഭാഗമായ ഐ-കോപ്പ്സാണ് (iCoPS) രണ്ട് പദ്ധതികൾക്കുമുള്ള സോഫ്റ്റ്‌വെയർ രൂപകൽപ്പന ചെയ്തത്. പദ്ധതികൾക്കായി അധിക സാമ്പത്തിക ചെലവുണ്ടായിട്ടില്ലെന്ന് മന്ത്രി പൊലീസ്‌ ആസ്ഥാനത്ത്‌ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.പൊലീസിന്റെ പ്രവർത്തനം കൂടുതൽ ജനസൗഹൃദമാക്കുന്നതിനും ഉദ്യോഗസ്ഥരുടെ സമ്മർദ്ദവും ജോലിഭാരവും കുറയ്ക്കുന്നതിനുമുള്ള നടപടികൾ സർക്കാർ ഗൗരവമായി പരിഗണിക്കുന്നുണ്ട്. ‘മൈ പൊലീസ് സ്റ്റേഷ’ന്റെ ഭാഗമായി സംസ്ഥാനത്തെ 5000 പൊലീസ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയതായും മന്ത്രി പറഞ്ഞു.സാധാരണക്കാർക്കും പാവപ്പെട്ടവർക്കും ഇരകൾക്കുമൊപ്പം നിൽക്കണമെന്നതാണ് സർക്കാരിന്റെ പൊലീസ് നയം. പൊലീസിലെ വനിതാ പ്രാതിനിധ്യം ഉയർത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വനിതാ പൊലീസുകാരുടെ അനുപാതം 1:9ൽ നിന്ന് 3:7 ആയി ഉയർത്തിയതോടെ സംസ്ഥാന പൊലീസിൽ വനിതകളുടെ സാന്നിധ്യം 30 ശതമാനമായി ഉയരുമെന്നും മന്ത്രി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button