dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കത്തിൽ ഇടപെടൽ; പുന്നപ്ര പറവൂർ സ്കൂളിന് വിഎസിന്റെ പേര് നൽകി; മന്ത്രി വി ശിവൻകുട്ടിയെ അഭിനന്ദിച്ച് ജി സുധാകരൻ

ആലപ്പുഴ: പുന്നപ്ര പറവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിന് മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ പേര് നൽകിയ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയെ അഭിനന്ദിച്ച് ജി സുധാകരൻ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അഭിനന്ദനം. സ്‌കൂളിന് വിഎസിന്റെ പേര് നൽകി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഒപ്പിട്ടു. ഉത്തരവ് സ്‌കൂൾ മേധാവിക്ക് കിട്ടുകയും ചെയ്തു. വിഎസ് അന്തരിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ പേര് നൽകണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിക്ക് കത്ത് അയച്ചത്. അത് ഉത്തരവായി വന്നതിൽ നാട്ടുകാരോടൊപ്പം സന്തോഷത്തിൽ പങ്കുചേരുന്നു. മന്ത്രി ശിവൻകുട്ടിക്ക് അഭിനന്ദനങ്ങൾ എന്നാണ് ജി സുധാകരൻ കുറിച്ചത്.1883ൽ സ്ഥാപിതമായ പുന്നപ്ര പറവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിന് അവിടെ ഏകദേശം ഒന്നര നൂറ്റാണ്ടിന് മുമ്പ് വിദ്യാർത്ഥിയായിരുന്ന വിഎസ് അച്യുതാനന്ദന്റെ പേര് നൽകണമെന്ന് ആവശ്യപ്പെട്ട് ജി സുധാകരൻ പൊതുവിദ്യാഭ്യാസ വകുപ്പിന് കത്തയച്ചിരുന്നു. വി എസിന്റെ മരണത്തിന് പിന്നാലെയാണ് സുധാകരൻ ഈ ആവശ്യമുന്നയിച്ചത്. ഇതിലാണ് മന്ത്രി ശിവൻകുട്ടിയുടെ ഇടപെടലുണ്ടായത്.വി എസ് പഠിച്ച സ്‌കൂളിന് അദ്ദേഹത്തിന്റെ പേര് നൽകുന്നത് ജനങ്ങൾക്കിടയിൽ സർക്കാരിന് മതിപ്പുളവാക്കുന്ന നടപടിയായിരിക്കുമെന്ന് ജി സുധാകരൻ പറഞ്ഞിരുന്നു. വി എസിന്റെ ഭവനത്തിന് തൊട്ടടുത്താണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. റോഡിന് തെക്കും വടക്കുമായാണ് ഹൈസ്‌കൂൾ വിഭാഗവും ഹയർസെക്കൻഡറി വിഭാഗവും സ്ഥിതി ചെയ്യുന്നത്. രണ്ടിനും വി എസിന്റെ പേര് നൽകുന്നത് നന്നായിരിക്കുമെന്നും ഉത്തരവ് വൈകാതെ ഉണ്ടാകുമെന്ന് കരുതുന്നുവെന്നും ജി സുധാകരൻ നേരത്തെ പറഞ്ഞിരുന്നു. കത്ത് ലഭിച്ചതിന് പിന്നാലെ ആവശ്യം പരിഗണിച്ച് തുടർ നടപടി സ്വീകരിച്ചുവരുന്നതായി മന്ത്രി തന്നെ സുധാകരനെ അഭിസംബോധന ചെയ്ത് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ് പുറത്തിറങ്ങിയത്.അതേസമയം സിപിഐഎമ്മുമായി ഇടഞ്ഞു നിൽക്കുന്ന മുതിർന്ന നേതാവായ ജി സുധാകരൻ പാർട്ടി അംഗത്വം പുതുക്കില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ്. തൽക്കാലം പാർട്ടി അംഗത്വം പുതുക്കേണ്ടതില്ലെന്നും എന്നാൽ പാർട്ടി ബന്ധം ഉപേക്ഷിക്കില്ലെന്നുമാണ് ജി സുധാകരന്റെ നിലപാട്. അംഗത്വം പുതുക്കാൻ മാർച്ച് 31 വരെ സമയം ഉണ്ടെന്നിരിക്കെ അനുഭാവിയായി തുടരാനാണ് തീരുമാനം. ജില്ലാ നേതൃത്വത്തിനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ രൂക്ഷ വിമർശനം നടത്തിയ സുധാകരൻ, 63 വർഷക്കാലത്തെ പാർട്ടി അംഗത്വചരിത്രമുള്ള താൻ ഇനി പുതുക്കില്ലെന്ന് അറിയിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button