കരുവാറ്റ കൊലപാതകം: പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ പൊലിസ് കസ്റ്റഡി ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി : ആലപ്പുഴ കരുവാറ്റയില്‍ വയോധികൻ കൊല്ലപ്പെട്ട കേസില്‍ പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളെ പൊലിസ് കസ്റ്റഡിയില്‍ വിട്ട ഉത്തരവ് ഹൈക്കോടതി ഇടക്കാലത്തേക്ക് സ്റ്റേ ചെയ്തു.ആലപ്പുഴ ജുവനൈല്‍ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവിനെതിരെ പ്രതികളായ കുട്ടികള്‍ നല്കിയ ഹരജിയിലാണ് ഹൈക്കോടതി നടപടി.കേസിലെ തെളിവെടുപ്പിനും വിശദമായ ചോദ്യം ചെയ്യലിനുമായി കുട്ടികളെ ഒബ്സർവേഷൻ ഹോമിന് പുറത്തേക്ക് കൊണ്ടുപോകാനാണ് ജുവനൈല്‍ ജസ്റ്റിസ് ബോർഡ് പൊലിസിന് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ ഇത് നിയമവിരുദ്ധമായ കസ്റ്റഡിയാണെന്ന് ഹരജിക്കാർ കോടതിയില്‍ വാദിച്ചു. തെളിവെടുപ്പിന്റെ പേരില്‍ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും റെയില്‍വേ സ്റ്റേഷനിലും എത്തിക്കുന്നത് കുട്ടികളുടെ മാനസികാരോഗ്യത്തെയും ആത്മാഭിമാനത്തെയും ഗുരുതരമായി ബാധിക്കുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.സി.സി.ടി.വി ദൃശ്യങ്ങളും ഫോറൻസിക് റിപ്പോർട്ടും ഉപയോഗിച്ച് അന്വേഷണം പൂർത്തിയാക്കാൻ സാധിക്കുമെന്ന വാദം ജുവനൈല്‍ ജസ്റ്റിസ് ബോർഡ് പരിഗണിച്ചില്ലെന്നും ഹരജിക്കാർ ആരോപിച്ചു. കേസ് കൂടുതല്‍ വാദത്തിനായി ഈ മാസം 11-ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.



