കരൂര്‍ ദുരന്തം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി, സുപ്രിം കോടതിയില്‍ അപ്പീല്‍

അപ്പീല്‍ വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചുചെന്നൈ: കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ അപ്പീല്‍. ബിജെപി നേതാവ് ഉമാ ആനന്ദനാണ് സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. സിബിഐ അന്വേഷണ ആവശ്യം തള്ളിയ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീല്‍. അപ്പീല്‍ വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.അതേസമയം കരൂര്‍ ദുരന്തത്തില്‍ മരിച്ച രണ്ടു പേരുടെ കുടുംബങ്ങള്‍ക്ക് കോണ്‍ഗ്രസ് ധനസഹായം കൈമാറി. റാലിക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ച തിരുപ്പൂര്‍ സ്വദേശികളായ ജെ ഗോകുലപ്രിയയുടെയും മണികണ്ഠന്റെയും കുടുംബങ്ങള്‍ക്കാണ് കോണ്‍ഗ്രസ് നേതാക്കള്‍ വെള്ളക്കോവിലിലെ വീടുകളിലെത്തി സഹായം നല്‍കിയത്.2.5 ലക്ഷം രൂപയുടെ ചെക്കുകള്‍ കോണ്‍ഗ്രസ് ദേശീയസെക്രട്ടറി ഗോപിനാഥ് പളനിയപ്പന്‍, കരൂര്‍ എംപി എസ് ജ്യോതിമണി എന്നിവര്‍ ചേര്‍ന്ന് ഇരുവരുടെയും കുടുംബങ്ങള്‍ക്ക് കൈമാറുകയായിരുന്നു. ദുരന്തത്തില്‍ മരിച്ച മറ്റ് 39 പേരുടെയും കുടുംബങ്ങള്‍ക്കും അതത് ജില്ലകളിലെ അവരുടെ ബന്ധുക്കള്‍ക്ക് 2.5 ലക്ഷം രൂപ വീതം ധനസഹായം കോണ്‍ഗ്രസ് നല്‍കിയതായി ഗോപിനാഥ് പളനിയപ്പന്‍ പറഞ്ഞു.സെപ്തംബർ 27 ന് വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ 41 പേരുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടായത്. നിശ്ചയിച്ചതിലും ആറ് മണിക്കൂര്‍ വൈകി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. ഈ സമയമത്രയും ഭക്ഷണവും വെള്ളവുമില്ലാതെ ആളുകള്‍ കാത്തുനിന്നു. വിജയ് പ്രസംഗം ആരംഭിച്ച് അല്‍പസമയം കഴിഞ്ഞപ്പോള്‍ തന്നെ ആളുകള്‍ തളര്‍ന്നുതുടങ്ങി. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യ ദിനം 38 പേരായിരുന്നു മരിച്ചത്. പത്ത് കുട്ടികള്‍, പതിനാറ് സ്ത്രീകള്‍, പന്ത്രണ്ട് പുരുഷന്മാര്‍ എന്നിങ്ങനെയായിരുന്നു മരണ സംഖ്യ. പിന്നീട് മൂന്ന് മരണം കൂടി സ്ഥിരീകരിച്ചു.



