കാട്ടുപന്നിക്കൂട്ടം സ്കൂട്ടര്‍ ഇടിച്ച് മറിച്ചു; മൈലാടുംപാറയില്‍ യുവാവിന് പരിക്കേറ്റു

ഇ ടുക്കി നെടുങ്കണ്ടം മൈലാടുംപാറയില്‍ കാട്ടുപന്നി കൂട്ടത്തിൻ്റെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. മൈലാടുംപാറ മാലികുടിയില്‍ അനൂപ് ജോർജിനാണ് പരിക്കേറ്റത്.ഇന്നലെ വൈകുന്നേരം 8:30 കൂടിയാണ് സംഭവം. നെടുങ്കണ്ടത്ത് ജോലി കഴിഞ്ഞ് മൈലാടുംപാറയിലെ വീട്ടിലേക്ക് സ്കൂട്ടറില്‍ മടങ്ങുമ്പോഴാണ് അപകടം. കുമളി – മൂന്നാർ സംസ്ഥാന പാതയില്‍ മൈലാടുംപാറയ്ക്ക് സമീപം എത്തിയപ്പോള്‍ കാട്ടുപന്നിക്കൂട്ടം സ്കൂട്ടർ ഇടിച്ച് മറിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ അനൂപിന്റെ കാലിനും കൈക്കും പരിക്കേറ്റു.റോഡരികിലെ പാറയില്‍ തലയിടിച്ചാണ് വീണത്, ഹെല്‍മറ്റ് വെച്ചതിനാല്‍ തലയ്ക്ക് പരിക്ക് ഏറ്റില്ല. നാട്ടുകാർ ഉടൻ തന്നെ നെടുംങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കി. സിസിടിവി മെക്കാനിക്കാണ് അനൂപ്, ഈ ജോലി കഴിഞ്ഞ് മടങ്ങവെയാണ് അപകടം. മേഖലയില്‍ കാട്ടുപന്നിയുടെ ശല്യം അതിരൂക്ഷമാണ്. സംസ്ഥാനപാതയിലടക്കം വൈകുന്നേരങ്ങളിലും പുലർച്ചെയും കാട്ടുപന്നിയുടെ സാന്നിധ്യം പതിവാണ്.