dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കായംകുളത്തെ വീട്ടമ്മയുടെ മരണം പാമ്പുകടിയേറ്റെന്ന് സ്ഥിരീകരണം; ശരീരത്തില്‍ വിഷാംശത്തിന്റെ സാന്നിധ്യം കണ്ടെത്തി

ആലപ്പുഴ: കായംകുളത്തെ വീട്ടമ്മയുടെ മരണം പാമ്പുകടിയേറ്റുതന്നെ. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. ശരീരത്തില്‍ പാമ്പുകടിയേറ്റതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തി. ഇതിന് പുറമേ ശരീരത്തില്‍ വിഷാംശത്തിന്റെ സാന്നിധ്യവും കണ്ടെത്തി. ഇക്കാര്യം സ്ഥിരീകരിക്കാന്‍ ആന്തരിക അവയവങ്ങളുടെ സാമ്പിള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. പാമ്പുകടിയേറ്റതിന്റെ ലക്ഷണങ്ങള്‍ വീട്ടമ്മയുടെ ശരീരത്തില്‍ ഇല്ലെന്നായിരുന്നു കായംകുളം താലൂക്ക് ആശുപത്രിയുടെ വിശദീകരണം. ഇത് തള്ളുന്നതാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരം.വ്യാഴാഴ്ചയായിരുന്നു കായംകുളം വ്യാപാരി വ്യവസായി സഹകരണ സംഘം സെക്രട്ടറി കൂടിയായ ചേരാവള്ളി സ്വദേശിനി സെലീന മരിച്ചത്. കൊറ്റുകുളങ്ങരയില്‍ ബന്ധുവിന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു സെലീന. ആളൊഴിഞ്ഞ പറമ്പില്‍ ഇരുചക്ര വാഹനം പാര്‍ക്ക് ചെയ്തിരുന്നു. സല്‍ക്കാരത്തില്‍ പങ്കെടുത്ത ശേഷം വാഹനമെടുക്കാന്‍ പോയപ്പോഴായിരുന്നു പാമ്പുകടിയേറ്റത്.ഉടന്‍തന്നെ സെലീനയെ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ മരണപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ആശുപത്രിക്കെതിരെ ആരോപണവുമായി സെലീനയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. സെലീനയ്ക്ക് ആശുപത്രി അധികൃതര്‍ ആന്റിവെനം നല്‍കിയില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ സെലീനയ്ക്ക് പാമ്പുകടിയേറ്റത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നായിരുന്നു ആശുപത്രി അധികൃതര്‍ പറഞ്ഞത്. പാമ്പുകടിയേറ്റതിന്റെ ലക്ഷണങ്ങള്‍ ഇല്ലാത്തതിനാലാണ് ആന്റി വെനം നല്‍കായിരുന്നത്. ചികിത്സ നല്‍കിയതില്‍ വീഴ്ചയില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു. ഇത് തള്ളുന്നതാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button