കോടിയേരി ഉണ്ടായിരുന്നെങ്കിൽ എന്ന ചർച്ച; മറുപടിയുമായി എം എ ബേബി

ഡല്‍ഹി: സഖാക്കള്‍ പാര്‍ട്ടി യോഗങ്ങളില്‍ നിര്‍ഭയമായി അഭിപ്രായം പറയണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. സഖാക്കള്‍ക്ക് തുറന്നടിച്ച് അഭിപ്രായം പറയാന്‍ അവസരം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. വീഴ്ചകള്‍ സംബന്ധിച്ച് പരിശോധന നടത്തുമെന്നും പ്രതിപക്ഷ നേതൃസ്ഥാനത്തില്‍ ഇതുവരെ തീരുമാനം ആയില്ലെന്നും എം എ ബേബി വ്യക്തമാക്കി.മറ്റുവര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും നേതൃത്വത്തിന് വീഴ്ച പറ്റിയോ എന്നും പരിശോധിക്കുമെന്നും എം എ ബേബി പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനത്തിലെ സിപിഐ എതിര്‍പ്പില്‍ എം എ ബേബി പ്രതികരിച്ചു. ഓരോ പാര്‍ട്ടിക്കും അവരുടെ അഭിപ്രായം പറയാമെന്നും യോഗങ്ങളില്‍ പ്രവര്‍ത്തകര്‍ പറയുന്ന കാര്യങ്ങള്‍ മുന്‍വിധി ഇല്ലാതെ കേള്‍ക്കുമെന്നും എം എ ബേബി പറഞ്ഞു. ലോക്‌സഭാ പരാജയത്തിന് ശേഷം നടത്തിയ തിരുത്തല്‍ നടപടികള്‍ ഫലം കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ, അന്തരിച്ച സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണനുമായി ബന്ധപ്പെട്ട് ഉയർന്ന ചർച്ചകളിലും അദ്ദേഹം മറുപടി നല്‍കി. കോടിയേരി ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ കരുത്ത് ഉണ്ടാകുമായിരുന്നുവെന്നും വി എസ് അച്യുതാനന്ദന്‍, ഇ കെ നായനാര്‍ എന്നിവര്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന ചര്‍ച്ചയും ഇതുപോലെ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. അസാധാരണമായ തോല്‍വിക്ക് അസാധാരണമായ പരിശോധന ഉണ്ടാകുമെന്ന് എം എ ബേബി വ്യക്തമാക്കി.



