കോഴിക്കോട് അതിഥി നമ്പൂതിരിയുടെ കൊലപാതകം; കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ അച്ഛനും രണ്ടാനമ്മയും കസ്റ്റഡിയിൽ

കോഴിക്കോട് ഏഴു വയസുകാരി അതിഥി എസ് നമ്പൂതിരിയുടെ കൊലപാതകത്തിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾ കസ്റ്റഡിയിൽ. കുട്ടിയുടെ പിതാവ് സുബ്രഹ്മണ്യൻ നമ്പൂതിരി, രണ്ടാനമ്മ ദേവിക അന്തർജനം എന്നിവരെയാണ് നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതക കേസിൽ ഹൈക്കോടതി ഇന്ന് വിധി പറയാനിരിക്കെയാണ് പ്രതികൾ കസ്റ്റഡിയിലായത്.ഇന്നലെ ഹൈക്കോടതി പ്രതികളായ സുബ്രഹ്മണ്യൻ നമ്പൂതിരി, ദീപിക അന്തർജനം എന്നിവർക്ക് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. സൈബർ സെല്ലിൻ്റെ സഹായത്തോടെ നടക്കാവ് പൊലീസാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. രാമനാട്ടുകരയിൽ നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.2013 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏഴു വയസുകാരി അതിഥിയെ മർദിക്കുകയും ക്രൂരമായി പൊള്ളലേൽപ്പിക്കുകയും പട്ടിണിക്കിട്ടുമായിരുന്നു ഇരുവരും ചേർന്ന് കൊലപാതകം നടത്തിയതെന്നാണ് കണ്ടെത്തൽ.അതിഥിയുടെ സഹോദരന്റേതുൾപ്പടെയുള്ളവരുടെ സാക്ഷിമൊഴി കേസിൽ നിർണായകമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽകൂടിയാണ് ഇവർ തന്നെയാണ് കുറ്റക്കാരെന്ന നിരീക്ഷണത്തിലേക്ക് ഹൈക്കോടതി എത്തിയത്.



