കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലെ തീപിടുത്തം; 2 മാസമായിട്ടും തുറന്ന് പ്രവർത്തിക്കാനായിട്ടില്ല

കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടുത്തത്തിന് ഇന്നേക്ക് രണ്ടുമാസം. എന്നാല്‍ അപകടം നടന്ന് രണ്ട് മാസമായിട്ടും അത്യാഹിത വിഭാഗം തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടില്ല. അത്യാഹിത വിഭാഗത്തില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍മാരുടെ പരിശോധന നടക്കുകയാണ്. അനുകൂല റിപ്പോര്‍ട്ടിന് ശേഷമേ അത്യാഹിത വിഭാഗം തുറന്ന് പ്രവര്‍ത്തിക്കുകയുള്ളു. ഇതിന് ഇനിയും മുന്നോ നാലോ ആഴ്ചയെടുക്കുമെന്നാണ് സൂചന..ആറു നില കെട്ടിടത്തില്‍ ചോര്‍ച്ചയടക്കം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. പഴയ ക്വാഷ്വാലിറ്റിയാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ അസൗകര്യങ്ങളില്‍ രോഗികള്‍ വീര്‍പ്പുമുട്ടുകയാണ്. രണ്ടിരട്ടിയിലേറെ രോഗികളെത്തുന്നത് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മെയ് രണ്ടിനാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ നിന്ന് പുക ഉയര്‍ന്നത്.പുക ഉയര്‍ന്നയുടനേ രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയിരുന്നു. സ്ഥലത്തെ ബാറ്ററികള്‍ കത്തിയത് മൂലമായിരുന്നു പുക ഉയര്‍ന്നത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയിരുന്നു. പിന്നാലെ മെയ് ഏഴിനും സമാനമായ രീതിയില്‍ അത്യാഹിത വിഭാഗത്തില്‍ നിന്ന് പുക ഉയര്‍ന്നിരുന്നു. ഓപ്പറേഷന്‍ തിയേറ്ററും അതിനോടനുബന്ധിച്ചുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള ആറാം നിലയിലാണ് പുക ഉയര്‍ന്നത്.പിന്നാലെ തുടര്‍ച്ചയായ തീപിടിത്തത്തില്‍ എം കെ രാഘവന്‍ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. തീപിടുത്തം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടിരുന്നു. തീ പിടുത്തത്തിന്റെ അടിസ്ഥാനത്തില്‍ കെട്ടിടത്തിന്റെയും വൈദ്യുത സാമഗ്രികളുടെയും ഫിറ്റ്‌നസ് ഉറപ്പ് വരുത്തണമെന്നും കത്തില്‍ ഉന്നയിച്ചിരുന്നു