ഗാര്‍ഹിക പാചകവാതകം: ആശങ്ക വേണ്ട. ഗാര്‍ഹിക സിലിണ്ടറുകള്‍ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ കര്‍ശന നടപടി

ജില്ലയില്‍ ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ ലഭ്യതയില്‍ യാതൊരു തരത്തിലുള്ള ആശങ്കയും വേണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ ആശ റ്റി. ജെ. അറിയിച്ചു.നിലവില്‍ ജില്ലയില്‍ പാചകവാതക ദൗര്‍ലഭ്യമില്ലെന്നും ബുക്ക് ചെയ്തിട്ടുള്ള എല്ലാവര്ക്കും ഗ്യാസ് സിലിണ്ടറുകള്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ വഴി വീടുകളില്‍ എത്തിച്ച് വിതരണം നടത്തുന്നുണ്ട്.ഗാര്‍ഹിക പാചക വാതക സിലിണ്ടറുകള്‍ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ 1955ലെ എസെന്‍ഷ്യല്‍ കമ്മോഡിറ്റിസ് ആക്ട്് പ്രകാരം സിലിണ്ടറുകള്‍ പിടിച്ചെടുത്തു ജാമ്യമില്ലാ വകുപ്പില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രോസിക്യൂഷന് നടപടികള്‍ സ്വീകരിക്കും.
കൂടാതെ, യുദ്ധ പശ്ചാത്തലത്തില്‍ ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ ലഭ്യത സംബന്ധിച്ച് ജനങ്ങളുടെ ഇടയില്‍ അനാവശ്യമായ ഭീതി പരത്തുന്ന തരത്തിലുള്ള വാര്‍ത്തകളോ സാമൂഹിക മാധ്യമങ്ങളില്‍ കൂടിയുള്ള പ്രചാരണങ്ങളോ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. എല്‍.പി.ജി വിതരണം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ജില്ലാ,താലൂക്ക് തലങ്ങളില്‍ കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ഗ്യാസ് ഏജസികള്‍ മുന്‍ഗണനാക്രമം പാലിച്ചു മാത്രമേ സിലിണ്ടറുകള്‍ വിതരണം ചെയ്യാന്‍ പാടുള്ളൂ. ഉപഭോക്താക്കള്‍ തങ്ങളുടെ ഫോണില്‍ ലഭിക്കുന്ന ഒ ടി പി നമ്പര്‍ സിലിണ്ടര്‍ ഡെലിവറി ചെയ്യുന്ന സമയത്ത് കൈമാറേണ്ടതാണ്. ഗ്യാസ് സിലിണ്ടറുകള്‍ വിതരണം നടത്തുമ്പോള്‍ ഗുണഭോക്താക്കളെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കാന്‍ പാടില്ല. കൂടാതെ എല്‍.പി.ജി വിതരണം സംബന്ധിച്ച് നിലവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ ഗ്യാസ് ഏജന്‍സികള്‍ കര്‍ശനമായി പാലിക്കണം.
യുദ്ധ സാഹചര്യത്തില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍.പി.ജിയുടെ ഉപയോഗം ഗണ്യമായി കുറച്ചിട്ടുണ്ട്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി ആവശ്യമായ ക്രമീകരണങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടുണ്ട്. അതിനാല്‍ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിതരണം അവശ്യസ്ഥാപനങ്ങള്ക്കായി മാത്രം നിജപ്പെടുത്തിയിട്ടുണ്ട്. ഹോസ്പിറ്റലുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്കി വാണിജ്യ സിലിണ്ടറുകള്‍ വിതരണം നടത്താനാണ് സര്‍ക്കാരിന്റെ നിര്‍ദേശം.വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള ക്വാട്ടയുടെ ലഭ്യത അനുസരിച്ച് അവശ്യ സ്ഥാപനങ്ങള്‍ക്ക് വാണിജ്യ ഗ്യാസ് സിലിണ്ടറുകള്‍ നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നു. ഫാര്മസ്യൂട്ടിക്കിള് ഇന്‍ഡസ്ട്രിസ് എയര്‍ലൈന്‍/റെയില്‍വെ ക്യാന്റീന് എന്നിവയ്ക്ക് രണ്ടാമതായി മുന്‍ഗണന നല്‍കുന്നതാണെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു.
കണ്ട്രോള് റൂമുകളുമായി ബന്ധപ്പെടേണ്ട നമ്പറുകളും ഇമെയില്‍ വിലാസവും
ജില്ലാ സപ്ലൈ ആഫീസ്, ഇടുക്കി 04862 232321 dsoidukki@gmail.com
താലൂക്ക് സപ്ലൈ ആഫീസ്, തൊടുപുഴ 04862 222515, 9188527363 tsothodupuzha@gmail.com
താലൂക്ക് സപ്ലൈ ആഫീസ്, ഇടുക്കി 04862 294975, 9188527364 tsoidukki1@gmail.com
താലൂക്ക് സപ്ലൈ ആഫീസ്, പീരുമേട് 04869 232066,9188527365 tso.peermade07@gmail.com
താലൂക്ക് സപ്ലൈ ആഫീസ്, ഉടുമ്പന്‍ചോല 04868 232047,9188527366 tsoudumbanchola@gmail.com
താലൂക്ക് സപ്ലൈആഫീസ്, ദേവികുളം 04865 264224, 9188527367 tsodklm@gmail.com



