‘ജമാഅത്തെ ഇസ്‌ലാമി ഒരുപാട് മാറി, മതരാഷ്ട്ര വാദം ഇപ്പോള്‍ ഇല്ല’; വെൽഫെയർ പിന്തുണയിൽ പ്രതികരിച്ച് വി ഡി സതീശൻ

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമിയുമായി എല്‍ഡിഎഫിന് പൂര്‍വ കാലബന്ധമുണ്ടായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഐഎമ്മിന് പിന്തുണ നല്‍കിയപ്പോള്‍ ജമാഅത്തെ ഇസ്‌ലാമി മതേതര വാദികളും കോണ്‍ഗ്രസിനെ പിന്തുണച്ചപ്പോൾ വര്‍ഗീയ പ്രസ്ഥാനവുമാകുന്നത് എങ്ങനെയെന്ന് അറിയില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു.
എല്‍ഡിഎഫിൻ്റേത് ഇരട്ടത്താപ്പാണ്. പിഡിപിയുടെ എല്‍ഡിഎഫ് പിന്തുണയെ പറ്റി എന്താണ് സംസാരിക്കാത്തത്. മുന്‍പ് ദേശാഭിമാനിയുടെ മുഖപ്രസംഗത്തിൽ ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയെ ആശാവഹവും ആവേശകരവും എന്നാണ് എഴുതിയിരുന്നത്. ജമാഅത്തെ ഇസ്‌ലാമി വര്‍ഗീയ ശക്തിയാണെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടില്ല. ജമാഅത്തെ ഇസ്‌ലാമി ഒരുപാട് മാറി. അവര്‍ക്ക് മതരാഷ്ട്ര വാദം ഇപ്പോള്‍ ഇല്ല. എല്‍ഡിഎഫിന് പിന്തുണ കൊടുത്തപ്പോള്‍ ആര്‍ക്കും പ്രശ്‌നമില്ലായിരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.
എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള പൊളിറ്റിക്കല്‍ ഫൈറ്റാണ് നടക്കുന്നത്. സിപിഐഎമ്മും ബിജെപിയും തമ്മില്‍ രഹസ്യ ബാന്ധവം ഉണ്ട്. അതാണ് സ്ഥാനാര്‍ത്ഥി ഇല്ലെന്ന് പറഞ്ഞതിന് ശേഷം അപ്രസക്തനായ ഒരാളെ ബിജെപി നിര്‍ത്തിയത്. പക്ഷെ യുഡിഎഫ് വിജയിക്കുമെന്ന് ഉറപ്പാണ്. തൃക്കാക്കരയില്‍ 20 മന്ത്രിമാര്‍ ഒരു മാസം വന്ന് ക്യാംപ് ചെയ്തിട്ട് ജയിച്ചിട്ടില്ല. അന്ന് ഞങ്ങളാണ് വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചത്.’ പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതേ സമയം പി വി അന്‍വറിന്റെ സതീശനിസം പരാമര്‍ശത്തെ വി ഡി സതീശൻ തള്ളി. ഇവിടെ സതീശനിസം ഇല്ല, യുഡിഎഫിസം മാത്രമേ ഉള്ളൂ. പിണറായി വിജയന്‍ പോക്കറ്റില്‍ നിന്ന് ഒരു കത്തെടുത്ത് കാണിച്ചാല്‍ അതുപോലെ നടക്കുമായിരിക്കും എന്നാല്‍ താന്‍ അങ്ങനെ ചെയ്താല്‍ യുവ നേതാക്കള്‍ വരെ തന്നെ ചോദ്യം ചെയ്യുമെന്നും യുഡിഎഫിനാണ് എപ്പോഴും തീരുമാനമെന്നും അദേഹം പറഞ്ഞു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വെൽഫയർ പാർട്ടി യുഡിഎഫിന് പിന്തുണ നൽകാൻ തീരുമാനിച്ചിരുന്നു. ഉപാധികളോടെ യുഡിഎഫിനെ പിന്തുണയ്ക്കാൻ വെൽഫെയർ പാർട്ടിയുടെ നേതൃയോഗമാണ് തീരുമാനിച്ചത്. പിന്തുണ പരസ്യമായി പ്രഖ്യാപിച്ച് ആര്യാടൻ ഷൗക്കത്തിന് വേണ്ടി പ്രവർത്തിക്കാനാണ് നേതൃയോഗത്തിന്റെ തീരുമാനം. വെൽഫെയർ പാർട്ടി- യുഡിഎഫ് നേതാക്കൾ നടത്തിയ ചർച്ചയിലാണ് ധാരണയായത്.



