ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷൻ പള്ളിയിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി

ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷൻ പള്ളിയിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അരമണിക്കൂറോളം പ്രധാനമന്ത്രി ദേവാലയത്തിൽ ചിലവിട്ടു. പ്രധാനമന്ത്രിയ്ക്കൊപ്പം രാജീവ് ചന്ദ്രശേഖറും ദേവാലയം സന്ദർശിച്ചിരുന്നു. ഇതിനിടെ പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് റോഡുകൾ അടച്ചതിലും, ദേവാലയത്തിലേക്കുള്ള പ്രവേശനം തടഞ്ഞതിലും വിശ്വാസികൾ പ്രതിഷേധിച്ചു.സുപ്രിം കോടതി മുൻ ജഡ്ജി ജസ്റ്റിസ് വിക്രം ജിത് സെന്നിന്റെ നേതൃത്വത്തിൽ ആണ് പ്രതിഷേധം നടന്നത്. വിഐപികൾക്ക് വേണ്ടി വിശ്വാസികളെ തടയുന്നത് എന്തിനെന്നും ശുശ്രൂഷ കഴിഞ്ഞു ഞങ്ങളെ അയച്ചതിന് ശേഷം എന്ത് കാര്യമെന്നും വിശ്വാസികൾ ചോദിച്ചു. മുൻപും വിഐപികൾ സന്ദർശിച്ചിട്ടുണ്ടെങ്കിലും വിശ്വാസികളെ തടഞ്ഞിട്ടില്ല. ശുശ്രൂഷ ചടങ്ങിൽ പങ്കെടുക്കാതെ ജസ്റ്റിസ് വിക്രംജിത് സെൻ മടങ്ങി.അതേസമയം പ്രധാനമന്ത്രിയുടെ ദേവാലയ സന്ദർശനത്തിനിടെ വിശ്വാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ മാപ്പ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സാധാരണ സുരക്ഷ ക്രമീകരണങ്ങൾ ആണ് ഉണ്ടായതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.



